കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷൻ മേയർ സ്ഥാനം ജനറല്‍ വിഭാഗത്തിലേക്ക് തിരിച്ചെത്തിയതോടെ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിപ്പിച്ച് പോരാട്ടം ശക്തമാക്കാനാണ്  ഇരു മുന്നണികളുടെയും തീരുമാനം. 

എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവർക്ക് യുഡിഎഫ് പാനലില്‍ സാധ്യത കൽപിക്കപ്പെടുമ്പോൾ ദിനേശ് മണി,കെഎന്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരെ മുന്നില്‍നിര്‍ത്തി പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതു മുന്നണി

യുഡിഎഫിന് മികച്ച അടിത്തറയുള്ള കോർപറേഷനാണ് കൊച്ചി. എന്നാൽ മാലിന്യസംസ്കരണം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളില്‍ നിലവിലുള്ള യുഡിഎഫ് ഭരണത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നതോടെ ഇടതു മുന്നണി വന്‍  സാധ്യത കാണുന്നുണ്ട്. അതു കൊണ്ട് ഇത്തവണ പോരാട്ടം ശക്തമാകും. 

മേയർ സ്ഥാനം നോട്ടമിട്ട് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്ന് കഴിഞ്ഞു. ഐ ഗ്രൂപ്പില്‍ നിന്ന് എന്‍ വേണുഗോപാലാണ് ഇവരിൽ പ്രമുഖന്‍. പക്ഷെ  ഐഗ്രൂപ്പില്‍ തന്നെ വേണുഗോപാലിനോട് ശക്തമായ എതിര്‍പ്പുണ്ട്. ഡൊമിനിക് പ്രസന്‍റേഷന് മത്സരിക്കാൻ താത്പര്യമില്ലെങ്കിലും ഐ ഗ്രൂപ്പില്‍ നിന്ന് അദ്ദേഹത്തിന് മേല്‍ കടുത്ത സമ്മദ്ദമുണ്ട്. 

ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍, എംബി മുരളീധരന്‍, എബി സാബു എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍. മുന്‍ മേയര്‍ ടോണി ചമ്മിണി മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം മേയര്‍ സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടി മത്സരിക്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ്  ടിജെ വിനോദ് പ്രതികരിച്ചു.

കഴിഞ്ഞ തവണത്തെ തദ്ദേശതെരഞ്ഞെുപ്പിൽ  കെജെ ജേക്കബിനെ മുന്നിൽ നിർത്തിയാണ് ഇടതുമുന്നണി മല്‍സരിച്ചത്.  പക്ഷേ കെ ജെ ജേക്കബ് തോറ്റതോടെ കൌൺസിലിൽ പ്രതിപക്ഷം ദുര്‍ബലമായെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ നിര നേതാക്കളെ തന്നെ ഇത്തവണ കളത്തിലിറക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. 

മുന്‍ മേയര്‍ ദിനേശ് മണിയാണ് ഇവരില്‍ പ്രമുഖന്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണന്‍, എം അനില്‍കുമാര്‍, ടി കെ വല്‍സന്‍  എന്നിവരേയും മല്സരരംഗത്തിറക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.