പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പൊലീസ് മേധാവിയിൽ നിന്നും മാര്‍ഗ്ഗനിര്‍ദേശം ഇറങ്ങിയിട്ടും പൊലീസുകാര്‍ക്കെതിരെ പരാതി തുടരുകയാണെന്ന് ഹൈക്കോടതി 

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട മേലുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് പറഞ്ഞു. പൊലീസുകാര്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ല.

ഈ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പൊലീസ് മേധാവിയിൽ നിന്നും മാര്‍ഗ്ഗനിര്‍ദേശം ഇറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റുമുണ്ടാകുന്ന നിലയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. പൊലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. നിലവിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. 

ഭൂമി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സര്‍ക്കാര്‍ നിഷ്ക്രിയര്‍: ഹൈക്കോടതി 

കൊച്ചി: സംസ്ഥാനത്തെ ഭൂമി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് ഹൈക്കോടതി. സർക്കാർ ഭൂമി കൈയ്യേറുവാൻ പോലും അനുകൂല സാഹചര്യമാണുള്ളത്. മത സാമുദായിക സംഘടനകൾ വോട്ട് ബാങ്കിന്‍റെ ബലത്തിൽ കൈയ്യേറ്റ ഭൂമിയ്ക്ക് പട്ടം നേടുന്നതായും , നിയമവിരുദ്ധ ഭൂമിയിടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തെ ഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. സർക്കാർ ഭൂമി കൈയ്യേറുവാൻ പോലും സംസ്ഥാനത്ത് അനുകൂല സാഹചര്യമാണ്. സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്പദമാണ്. ഭൂമി കയ്യേറിയശേഷം പട്ടയം ഉണ്ടാക്കുന്നതാണ് കാണുന്നത്. സാമുദായിക സംഘടനകളും മറ്റും കൈയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്റെ ബലത്തിലാണ്. മത - സാമുദായിക -സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകൾ പരിശോധിക്കപ്പെടണം. ഇതിനായി ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ ഉത്തരവിട്ടു.