ഇടപ്പള്ളി - മണ്ണൂത്തി ദേശീയ പാതയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ കുഴിയും അടയ്ക്കണമെന്നായിരുന്നു ദേശീയ പാത അധികൃതര്‍ കരാര്‍ കമ്പനിക്ക് നൽകിയ നിര്‍ദ്ദേശം.
തൃശ്ശൂര്‍: മണ്ണൂത്തി - ഇടപ്പള്ളി ദേശീയ പാതയില്‍ കരാര്‍ കമ്പനി ഒന്നാം ദിനം നടത്തിയ കുഴിയടയ്ക്കല്‍ അശാസ്ത്രീയമെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം കണ്ടെത്തി. റോഡ് റോളർ പോലും ഉപയോഗിക്കാത്ത നടത്തിയ കുഴിയടയ്ക്കൽ പ്രഹസനമാണെന്ന പരാതി ഉയര്‍ന്നതോടെയാണ് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കണ്ടെത്തലുകള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇടപ്പള്ളി - മണ്ണൂത്തി ദേശീയ പാതയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ കുഴിയും അടയ്ക്കണമെന്നായിരുന്നു ദേശീയ പാത അധികൃതര്‍ കരാര്‍ കമ്പനിക്ക് നൽകിയ നിര്‍ദ്ദേശം. ഇന്നലെ രാത്രിമുതല്‍ കുഴിയടയ്ക്ക്ൽ പണികൾ ആരംഭിച്ചു. കോള്‍ഡ് മിക്സ് ടാറിങ്. 20 കിലോ ബാഗുകളില്‍ ടാറെത്തിച്ച് കുഴികളില്‍ തട്ടി.
റോഡ് റോളറിന് പകരം നിരത്താനുപയോഗിച്ചത് ഇടിക്കട്ടി. അശാസ്ത്രീയ കുഴിയടയ്ക്കലെന്ന ആരോപണമുയര്‍ന്നതോടെയാണ് എറണാകുളം, തൃശൂര്‍ കളക്ടര്‍മാരോട് നിരത്തിലിറങ്ങി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ അറ്റുകുറ്റപ്പണിയിലെ അശാസ്ത്രീയത കളക്ടര്‍മാര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.
കരാര്‍ കമ്പനിയായ ഗുരൂവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെതിരായ പരാതികള്‍ നേരത്തെ തന്നെ ദേശീയ പാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. റോഡ് അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങളോ മേല്‍നോട്ടത്തിന് ഉദ്യോഗസ്ഥരോ ഇല്ലാതെ കുഴിയടയ്ക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അറ്റകുറ്റപ്പണിക്ക് റീടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ദേശീയ പാതാ അധികൃതരും വ്യക്തമാക്കി
റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരിക്കേറ്റു
ആലപ്പുഴ: കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലീസ് സബ്ബ് ഇൻസ്പെക്ടര്‍ക്ക് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. അപകടത്തിൽ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കെപിഎസി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്.
തൃശൂർ ദേശീയപാതയിൽ വീണ്ടും അപകടം, എട്ട് വണ്ടികൾ കൂട്ടിയിടിച്ചു, വാഹനങ്ങൾ തകർന്നു, ആർക്കും പരിക്കില്ല
തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾ കൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല.അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.
