അപകടം നടന്നയുടനെ ഞാന്‍ അതുവഴി കടന്നു പോയിരുന്നു. ഈ സമയത്ത് കാറപകടം ഉണ്ടായ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിനിടയാക്കിയ പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടം നടന്നതിന് പിറകെ ഇവിടെയെത്തിയ കലാഭവന്‍ സോബിയാണ് ഈ ദൃക്സാക്ഷി. കാറപകടം നടന്ന് പത്ത് മിനിറ്റുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ അവിടെ കണ്ടെന്നും കലാഭവന്‍ സോബി പറയുന്നു. ഇക്കാര്യം ബാലഭാസ്കറിന്‍റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ഗൗരവത്തോടെ എടുത്തില്ലെന്നും ഇപ്പോള്‍ സ്വര്‍ണകടത്ത് കേസില്‍ പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് തനിക്ക് വീണ്ടും സംശയം ശക്തമായതെന്നും സോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സോബിയുടെ വാക്കുകള്‍....
അപകടം നടന്നയുടനെ ഞാന്‍ അതുവഴി കടന്നു പോയിരുന്നു. തിരുനല്‍വേലിക്കുള്ള യാത്രയിലായിരുന്നു ഞാന്‍. അപകടമുണ്ടായി എന്നല്ലാതെ അത് ബാലഭാസ്കറിന്‍റെ കുടുംബമാണെന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ എത്തുമ്പോള്‍ കാറപടകം നടന്ന സ്ഥലത്തേക്ക് ആളുകള്‍ ഓടി കൂടുന്നത് കണ്ടു. 

 ഈ സമയത്ത് കാറപകടം ഉണ്ടായ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോകുന്നത് ഞാന്‍ കണ്ടു. റോഡിന് ഇടതുവശത്തോടെ ഇയാള്‍ ഓടുമ്പോള്‍ നേരെ അപ്പുറത്തെ വശത്തൂടെ മറ്റൊരാള്‍ ബൈക്കും തള്ളിപ്പോകുന്നതും കണ്ടു. ഓടുന്നയാള്‍ക്ക് നല്ല വണ്ണമുണ്ടായിരുന്നു. മറ്റേയാള്‍ മെലിഞ്ഞയാളും. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വണ്ടി വിളിക്കാനാവും ഇയാള്‍ ഓടുന്നത് എന്നാണ് ഞാന്‍ കരുതിയത്. അതിനായി ഞാന്‍ വണ്ടി സ്ലോ ആക്കിയെങ്കിലും ഇയാള്‍ പിന്നെയും ഓടുകയായിരുന്നു. 

അപകടത്തില്‍പ്പെട്ടത് ബാലഭാസ്കറാണെന്ന് അറിഞ്ഞതൊക്കെ പിന്നീടാണ്. ബാലുവിന്‍റെ പിതാവ് മകന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നതോടെ എനിക്ക് ഇത് ആരെയെങ്കിലും പറയണമെന്നുണ്ടായിരുന്നു പക്ഷേ ബാലുവിന് എനിക്ക് പരിചയമില്ല. സുഹൃത്തായ ഗായകന്‍ മധു ബാലകൃഷ്ണനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. മധുവാണ് എനിക്ക് പ്രകാശന്‍ തമ്പിയുടെ നമ്പര്‍ തന്നത്. അങ്ങനെ ഞാന്‍ പ്രകാശന്‍ തമ്പിയെ വിളിച്ചു പറഞ്ഞു. എന്നാല്‍ യാതൊരു ഗൗരവവും

കൊടുക്കാതെയാണ് അയാള്‍ ഞാന്‍ പറയുന്നതെല്ലാം കേട്ടത്. അന്ന് ഫോണ്‍ വച്ച ശേഷം പ്രകാശന്‍ തമ്പി പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും എന്നെ വിളിച്ചു പൊലീസില്‍ ഇതൊക്കെ മൊഴിയായി പറയാമോ എന്ന് ചോദിച്ചു. പറയാം എന്ന് ഞാന്‍ പറഞ്ഞു പക്ഷേ എന്നെ പൊലീസ് ബന്ധപ്പെട്ടില്ല. - സോബി ജോര്‍ജ് പറയുന്നു. 

സംഭവസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു എന്ന വിവരം സോബി ജോര്‍ജ് പങ്കുവച്ചത് ബാലഭാസ്കറിന്‍റെ മാനേജര്‍ പ്രകാശന്‍ തമ്പിയോടാണ്. ഇയാളെ ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ബാലഭാസ്കറിന്‍റെ പിതാവിനെ കണ്ട് സോബി കണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.