കാസര്‍കോട്: കൊങ്കൺ പാതയിൽ നാളെ രാവിലെ മാത്രമേ പൂർണതോതിൽ ട്രെയിൻ സർവീസ് ആരംഭിക്കാനാകൂവെന്ന് ദക്ഷിണ റെയിൽവേ. നാളെ രാവിലെ ആറുമണിയോടെ പാത തുറക്കാനാകുമെന്ന് റെയിൽവേ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളൂരുവിനടുത്ത് കുലശേഖരയിൽ മണ്ണിടിഞ്ഞ് റെയിൽ പാളങ്ങൾ തകർന്നത്. 

400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ സർവീസുകൾ ആരംഭിക്കാനായിരുന്നു റെയിൽവേയുടെ നീക്കം. ഇന്നും മഴ തുടർന്നതാണ് പാത തുറക്കുന്നതിന് തടസ്സമായത്. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോക്മാന്യതിലക് എക്സ്പ്രസ് നിലവിലെ സമയത്ത് തന്നെ സർവീസ് നടത്തുമെന്നും റെയിവേ അറിയിച്ചു. കാസര്‍കോട് എത്തുന്ന ട്രെയിൻ രാവിലെ ആറുമണിക്ക് ശേഷമേ കോങ്കൺ പാതയിലേക്ക് കടത്തിവിടുകയുള്ളൂ. 

ദില്ലി നിസാമുദ്ധീനിൽ നിന്നും വരുന്ന മംഗളയും രാവിലെ ആറുമണിക്ക് ശേഷം ഇതേ പാതയിലൂടെ കടത്തിവിടും. ജോലികൾ പൂർത്തായില്ലെങ്കിൽ യാത്രക്കാരെ സൂറത്ത്കല്ലിൽ നിന്നും മംഗളൂരുവിലേക്ക് എത്തിക്കുവാൻ ബദൽ സൗകര്യം ഒരുക്കുമെന്നും റെയിൽവെ അറിയിച്ചു. അവിടെ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര തുടരുക.