Asianet News MalayalamAsianet News Malayalam

ഗ്രീഷ്മയ്ക്ക് തിരിച്ചടി, പാറശ്ശാല ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹ‍‍ര്‍ജി സുപ്രീംകോടതി തളളി  

സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 

setback for greeshma accused of parassala Sharon murder case from supreme court
Author
First Published Apr 22, 2024, 2:06 PM IST

ദില്ലി : പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 

വലിയ വീടുകള്‍ ലക്ഷ്യം, ആളുകളുള്ളപ്പോൾ തന്നെ മോഷണം; 'ബിഹാര്‍ റോബിൻഹുഡ്' വല്ലാത്ത കള്ളൻ

ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. ഗ്രീഷ്മയ്ക്ക് സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തൽ.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കൈപ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് 2022 ഒക്ടോബര്‍ 14 ന് സെക്സ് ചാറ്റ് നടത്തി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഇവരെയും പൊലീസ് പ്രതി ചേ‍ത്തിട്ടുണ്ട്.  ഗ്രീഷ്മയ്ക്കായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.  

 

 

Follow Us:
Download App:
  • android
  • ios