വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.
കൊച്ചി: കെഎസ്ആർടിസിക്ക് തിരിച്ചടിയേകി ഹൈക്കോടതി നടപടി. വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.
ബൾക് പർച്ചേസ് വിഭാഗത്തിലാണ് കെ എസ് ആർ ടി സി ഉൾപ്പെട്ടിരിക്കുന്നതെന്നും ഒഴിവാക്കാനാകില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ച് നിലപാട്. ഉത്തരവോടെ പ്രതിമാസം 27 കോടിയോളം രൂപ കോർപറേഷന് പ്രവർത്തനച്ചെലവിൽ അധിക ബാധ്യതയുണ്ടാകും. ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് കെ എസ് ആർ ടി സിയുടെ ആലോചന.
കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ അപ്പീലിലെ വാദം.
റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.
എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാർമശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നൽകുന്ന അതേ വിലക്ക് തന്നെ കെഎസ്ആർടിസി ഡീസൽ നൽകണമെന്ന് കോടതി നിർദേശിച്ചത്. പൊതുസേവന മേഖലയിലുളള കെഎസ്ആർടിസിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Read Also: കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം: ഭൂരിപക്ഷം സര്‍വ്വീസുകളും മുടങ്ങി, യാത്രാദുരിതം
ദീർഘദൂര സർവീസുകൾ അടക്കം ഭൂരിപക്ഷം കെഎസ്ആര്‍ടിസി (ksrtc) ബസുകളും മുടങ്ങിയതോടെ സംസ്ഥാനത്ത് ജനം യാത്രാ ദുരിതത്തിൽ. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം. പണിമുടക്കിന് സിഐടിയുവിന്‍റെ പരോക്ഷ പിന്തുണയുണ്ട്.
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്. സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം.
