പാർട്ടിക്കുള്ളിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മമത ബാനർജി വിളിച്ച യോഗത്തിൽ രണ്ടുപേർ മാത്രം പങ്കെടുത്തത് തിരിച്ചടിയായി. ഇതിനിടെ, മമതയുടെ പക്ഷത്തെ അവഗണിച്ച് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിക്കുകയും പാർട്ടി എല്ലാ സംസ്ഥാന കമ്മിറ്റികളും പിരിച്ചുവിടുകയും ചെയ്തു.
കൊൽക്കത്ത: പാർട്ടിക്കുള്ളിലെ അപ്രതീക്ഷിത പ്രഹരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലും മമത ബാനർജിക്ക് തിരിച്ചടി. കാളിഘട്ടിലെ വീട്ടിൽ രാത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത് കുനാൽഘോഷും അഭിഷേക് ബാനർജിയും മാത്രം. ആളില്ലാത്തതിനാൽ മഹാരാഷ്ട്ര മോഡൽ പ്രതിസന്ധി ചർച്ച ചെയ്യാതെ യോഗം പിരിഞ്ഞു. അതേസമയം, തൃണമൂൽ പ്രതിസന്ധിയിൽ മഹുവ മൊയ്ത്രയടക്കമുള്ള വനിതാ എംപിമാരെ കാണാനില്ലെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തി.
അതേസമയം, ഋതബ്രത ബാനർജിയെ ബംഗാൾ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചു. മതാ വിഭാഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് നല്‍കിയ കത്ത് സ്പീക്കർ പരിഗണിച്ചില്ല.
അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. എന്നാൽ, മമത ബാനർജിയെ നിയമസഭകക്ഷിയുടെ ഉപദേഷ്ടാവാകാൻ ക്ഷണിക്കുമെന്ന് ഋതബ്രത ബാനർജി അറിയിച്ചു.
