നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പാർട്ടിയിൽ നിന്ന് അകന്നവരെ ചേർത്തുനിർത്താൻ യോഗത്തിൽ ധാരണയായി
കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന സി പി എം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനം ശക്തമായ. ജില്ലാ നേതൃത്വത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പാർട്ടിയിൽ നിന്നും അകൽച്ചയിലുള്ളവരെയും അതൃപ്തിയുള്ളവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി അടിത്തറ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയിലേക്ക് കൂടുതൽ ക്ഷണിതാക്കളെ ഉൾപ്പെടുത്താനും യോഗത്തിൽ ധാരണയായി. അതേസമയം വിവിധ വിഷയങ്ങളിൽ മൂന്ന് സുപ്രധാന പ്രമേയങ്ങളും വിപുലീകൃത ജില്ലാ കമ്മിറ്റി പാസാക്കി.
പ്രമേയങ്ങൾ
കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഇതിൽ പ്രധാനം. മുൻപ് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച പദ്ധതിയുടെ നിർമാണം ഇപ്പോൾ അനിശ്ചിതമായി നീണ്ടുപോകുകയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. തടസ്സങ്ങൾ പരിഹരിക്കാനുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസമായിട്ടും സാധിക്കാത്തത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ എതിർപ്പാണ് പദ്ധതി പുനരാരംഭിക്കുന്നതിന് തടസ്സമാകുന്നതെന്നും പ്രമേയം ആരോപിക്കുന്നു. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച ടൗൺഷിപ് നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുപുറമേ, വയനാടിന്റെ ഗതാഗത മേഖലയ്ക്ക് ആശ്വാസമേകുന്ന കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിലെയും മാനന്തവാടി – മൈസൂരു സംസ്ഥാന പാതയിലെയും രാത്രിയാത്രാ നിരോധനം പൂർണമായി പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ സി പി എം വിപുലീകൃത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
