തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ നടന്ന പരിശോധനയിൽ ഡിപ്പോ മാനേജരടക്കം നാല് പേർക്ക് പോസിറ്റീവായിരുന്നു. അഞ്ചുതെങ്കിൽ ഇന്ന് 50 പേർക്ക് നടത്തിയ പരിശോധനയിൽ 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫിസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത്. കൊവിഡ് രോ​ഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ ആകില്ല. ആരോഗ്യ പ്രവർത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്തിൽ സർക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ ആരോപിച്ചു.

കൊവിഡിന്‍റെ ആദ്യനാളുകളിൽ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ. ആരോഗ്യ വിഷയത്തിൽ അറിവ് ഉള്ളവരെയാവണം സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏൽപ്പിക്കേണ്ടത്.  സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീടുകൾ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്‍റീന്‍റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.