ഇന്ന് പകല്‍ പതിനൊന്നരയോടെ ഏഴുവയസുകാരന്‍റെ ഹൃദയമിടിപ്പ് പൂര്‍ണമായും നിലച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം 11.35 ന് മരണം ഒദ്യോഗികമായി സ്ഥിരീകരിച്ചു.
കോട്ടയം: തൊടുപുഴയിലെ ഏഴ് വയസുകാരന് അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിൽ നിന്ന് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനം. ദേഹമാസകലം പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും മർദ്ദനത്തിൽ തലയോട്ടി തകർന്നതാണ് കുട്ടിയുടെ ജീവൻ നഷ്ടമാക്കിയത്. കഴിഞ്ഞ മാസം ഇരുപത്തെട്ടിന് അർധരാത്രിയാണ് ഏഴ് വയസുകാരന് ക്രൂരമർദ്ദനമേറ്റത്.
ഏഴും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളേയും വീട്ടില്‍ അടച്ചു പൂട്ടി അരുണും യുവതിയും പുറത്ത് പോയി. രാത്രി വൈകി ഇരുവരും തിരിച്ചെത്തിയപ്പോള്‍ ഇളയക്കുട്ടി സോഫയില്‍ മൂത്രമാെഴിച്ചത് അരുണിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. മൂന്നരവയസുള്ള ഇളയകുട്ടിയുടെ പ്രാഥമിക കാര്യങ്ങൾ അടക്കം എല്ലാം ശ്രദ്ധിക്കാൻ ഏഴ് വയസുകാരനെയാണ് അരുൺ ചുമതലപ്പെടുത്തിയിരുന്നത്.
കൊടും പീഡനത്തിന്‍റെ നാൾവഴി
കുട്ടി ഉറങ്ങുന്നത് കണ്ട് വിറളി പൂണ്ട അരുണ്‍ ഉറങ്ങി കിടക്കുകയായിരുന്ന ഏഴ് വയസ്സുകാരനെ പൊതിരെ തല്ലുകയായിരുന്നു. കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടിയ അരുൺ കുട്ടിയെ കാലുവാരി നിലത്തടിച്ചെന്നും അലമാരിയുടെ ഇടയിൽ വച്ച് ഞെരിച്ചെന്നും കുട്ടികളുടെ അമ്മ പിന്നീട് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സഹോദരനെ കൊല്ലും വിധം മർദ്ദിച്ചെന്ന് ഇളയ സഹോദരനും മൊഴി നൽകി.
പുലർച്ചെ മൂന്നരയോടെ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അരുണും യുവതിയും കൂടി എത്തിച്ചു. കളിക്കുന്നതിനിടെ സോഫയിൽ നിന്ന് വീണ് പരിക്കേറ്റു എന്നാണ് ഇരുവരും ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിൽ തലയോട്ടി തകർന്ന് തലച്ചോർ പുറത്ത് വന്നതായി കണ്ടെത്തി. സംശയം തോന്നിയ അശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
കുട്ടിയുടെ അച്ഛനും അമ്മയുമാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെങ്കിലും അരുണിന്‍റെ പെരുമാറ്റത്തിലെ അസ്വഭാവികത ആശുപത്രി ജീവനക്കാരും സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥരും ശ്രദ്ധിച്ചിരുന്നു. കുട്ടിയുടെ പേരെന്താണെന്ന് ചോദിച്ച പൊലീസുകാരോട് ഓര്‍മയില്ലെന്നായിരുന്നു അരുണിന്‍റെ ആദ്യത്തെ മറുപടി. അപ്പുവെന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും ശരിക്കുള്ള പേര് എന്താണെന്ന് ചോദിച്ചിട്ട് പറയാം എന്നുമായിരുന്നു അരുണ്‍ പൊലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ കയറാതെ കാറില്‍ സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു അരുണെന്ന് ഈ സമയത്ത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസിനോട് പറഞ്ഞു. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് കാര്യവും അപ്പോള്‍ പൊലീസ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇതിനിടെ കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അടിയന്തര ശ്രുശൂഷ നല്‍കിയ കുട്ടിയുമായി അമ്മ വേഗം ആംബുലന്‍സില്‍ കയറി. എന്നാല്‍ താന്‍ ആംബുലന്‍സില്‍ വരുന്നില്ലെന്നും കാറില്‍ പിന്നില്‍ വരാമെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ അരുണ്‍ ആംബുലന്‍സില്‍ കൂടെ ചെല്ലണമെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചു.
ഇതോടെ അരുണും പൊലീസുകാരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം നീണ്ടതോടെ പൊലീസുകാരിലൊരാള്‍ അറുണ്‍ കാറിന്‍റെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ ഗത്യന്തരമില്ലാതെ അരുണ്‍ ആംബുലന്‍സില്‍ മുന്‍സീറ്റില്‍ കയറി. എന്തായാലും ഇതോടെ പൊലീസ് അരുണിന്‍റെ മേല്‍ നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളില്‍ കുട്ടി കടുത്ത മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വരികയും അമ്മയേയും സഹോദരനേയും ചോദ്യം ചെയ്തതില്‍ സത്യാവസ്ഥ വെളിപ്പെടുകയും ചെയ്തതോടെ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ അരുൺ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടെന്നും കണ്ടെത്തി. പോക്സോ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത അരുൺ ഇപ്പോൾ തൊടുപുഴ മുട്ടം ജയിലിലാണ്. കുട്ടിയുടെ മരണത്തോടെ അരുണിനെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളും പൊലീസ് ചുമത്തും.
കൊലക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണെന്ന് പൊലീസിന്‍റെ പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. 2008-ല്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ 35 ദിവസത്തോളം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ 2007-ല്‍ ഒരാളെ മര്‍ദ്ദിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ട്. തിരുവനനന്തപുരം നന്ദന്‍ക്കോട് സ്വദേശിയായ അരുണ്‍ ആനന്ദ് ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി കൈയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ മദ്യവും ലഹരിപദാര്‍ത്ഥങ്ങളും സ്ഥിരമായി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ കുഞ്ഞിനെ കൊണ്ടു വന്ന ഇയാളുടെ വാഹനത്തില്‍ നിന്നും മദ്യവും ഇരുമ്പ് മഴുവും പൊലീസ് കണ്ടെടുത്തിരുന്നു.
വെന്‍റിലേറ്ററിൽ മരിച്ചുജീവിച്ച ഒരാഴ്ച
കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ഉടനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആന്തരികരക്തസ്രാവം നിയന്ത്രിക്കാനായിരുന്നില്ല. വൈകാതെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും കുറഞ്ഞു. എങ്കിലും കുരുന്നു ശരീരം മരുന്നുകളോട് പ്രതികരിക്കുമെന്ന പ്രതീക്ഷയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ചികിത്സയിൽ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടു.
പക്ഷേ ദിവസങ്ങൾ കഴിയുന്തോറും തലച്ചോറിന്‍റെ പ്രവർത്തനവും പൂർണമായി നിലച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷെലജയും കുട്ടിയെ ആശുപത്രിയിലെത്തി നേരില്‍ കണ്ടു. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോട്ടയം മെഡി.കോളേജിലെ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ചികിത്സാ ചിലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. എന്നാൽ തീവ്രപരിചരണത്തിലും കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടില്ല.മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ.
മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വെന്‍റിലേറ്റര്‍ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിക്ക് സ്വയം ശ്വാസമെടുക്കാന്‍ പറ്റുന്നില്ലെന്ന് കണ്ടെത്തോടെ ആ നീക്കം ഉപേക്ഷിച്ചു. ദ്രവ്യരൂപത്തിലുള്ള ഭക്ഷണം ഇതിനിടയിലും കുട്ടിക്ക് നല്‍കി കൊണ്ടിരുന്നു. പക്ഷേ ഒരോ ദിവസവും തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഒടുവില്‍ മസ്തിഷ്ക മരണം സംഭവിച്ചതായി കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നേരിയ തോതിലെങ്കിലും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം. പക്ഷേ ഇനി അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അവരും വ്യക്തമാക്കി.
ഒടുവിൽ കുരുന്നുഹൃദയം നിലച്ചു
കഴിഞ്ഞ ദിവസത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി കുടലിന്‍റെ പ്രവര്‍ത്തനം താളം തെറ്റി. ഭക്ഷണം കൊടുക്കാന്‍ സാധിക്കാതെ വന്നു. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ അറിയിച്ചു. ഇന്നു രാവിലേയും മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ കുട്ടിയെ പരിശോധിച്ചു. പക്ഷേ രാവിലെ തൊട്ട് കുഞ്ഞിന്‍റെ പള്‍സ് റേറ്റ് കുറഞ്ഞു കൊണ്ടിരുന്നു ഹൃദയമിടിപ്പ് മന്ദഗതിയിലായി. പകല്‍ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണമായും നിലച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം 11.35 ന് മരണം ഒദ്യോഗികമായി സ്ഥിരീകരിച്ചു.
ഐസിയുവില്‍ നിന്നും മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡി.കോളേജിലേക്ക് കൊണ്ടു പോകും. സാംസ്കാരചടങ്ങുകള്‍ എവിടെ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അച്ഛനെ അടക്കിയ ശ്മശാനത്തില്‍ തന്നെ മകന്‍റേയും സാംസ്കാരചടങ്ങുകള്‍ നടത്തണമെന്ന ആഗ്രഹം കുട്ടിയുടെ പിതാവിന്‍റെ കുടുംബം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അമ്മയുടെ കുടുംബം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
