Asianet News MalayalamAsianet News Malayalam

പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനം,സാമ്പത്തിക ക്രമക്കേട് അടക്കം പരിശോധിക്കണം

അടുത്ത ദിവസം ജില്ലാ സെക്രട്ടറി കൂടി പങ്കെടുക്കുന്ന എൽസി യോഗത്തിൽ മൻസൂറിന്‍റെ പരാതി ചർച്ച ചെയ്യും. അതിനു ശേഷം ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ലോക്കൽ കമ്മിറ്റിയിലെ ചർച്ചയുടെ ഉള്ളടക്കം അറിയിക്കും

Severe criticism against PK Sasi in Palakkad cpm District Secretariat
Author
First Published Aug 28, 2022, 7:22 AM IST

പാലക്കാട് : പി.കെ. ശശിക്ക് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കണം എന്നായിരുന്നു ജില്ലാ നേതൃത്വത്തിന് കിട്ടിയ പരാതി.

രണ്ടുമാസം മുമ്പാണ് പി.കെ.ശശിക്കെതിരെ മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗം കെ.മൻസൂർ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുന്നത്. നടപടി പോയിട്ട്, പരാതി ജില്ലാ നേതൃത്വം ചർച്ചയ്ക്ക് പോലും എടുത്തില്ല. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പി.കെ.ശശി നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സഹകരണ സ്ഥാപനങ്ങളെ സ്വാധീനിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളും പുറത്തുവിട്ടു. ഇതോടെയാണ് എ.കെ.ബാലൻ കൂടി പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ചയ്ക്ക് എടുത്തത്.

പി.കെ.ശശിക്കെതിരായ ആരോപണം പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. എൻ.എൻ.കൃഷ്ണദാസും വി.ക.ചന്ദ്രനും മാത്രമാണ് ശശിയെ പ്രതിരോധിക്കാൻ തുനിഞ്ഞത്. വിഷയം ഗൌരവതരം എന്ന നിലപാട് എടുത്ത ജില്ലാ സെക്രട്ടറിയേറ്റ്, മണ്ണാർക്കാട് ലോക്കൽ കമ്മിറ്റിയിൽ പരാതി ചർച്ച ചെയ്യണം എന്ന് നിർദേശിച്ചു. അടുത്ത ദിവസം ജില്ലാ സെക്രട്ടറി കൂടി പങ്കെടുക്കുന്ന എൽസി യോഗത്തിൽ മൻസൂറിന്‍റെ പരാതി ചർച്ച ചെയ്യും. അതിനു ശേഷം ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ലോക്കൽ കമ്മിറ്റിയിലെ ചർച്ചയുടെ ഉള്ളടക്കം അറിയിക്കും. പിന്നീടാകും തുടർ നടപടികളിലെ തീരുമാനം. 

പി.കെ.ശശി തലവനായുള്ള യൂണിവേഴ്സൽ കോളേജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ ഓഹരി ശേഖരിച്ചു എന്നതായിരുന്നു ഒരു പരാതി. പി.കെ.ശശിയുടെ ഭീഷണി കാരണം പലരും പാർട്ടിയുമായി അകലുന്നു എന്നടക്കം രൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് കെ.മൻസൂറിന്‍റെ  പരാതിയിലെ ഉള്ളടക്കം.
 

Follow Us:
Download App:
  • android
  • ios