തിരുവനന്തപുരം: ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജിയെച്ചൊല്ലി യുഡ‍ിഎഫിൽ കടുത്ത അസംതൃപ്തി. മുസ്ലീം ലീ​ഗ് അടക്കമുള്ള കക്ഷികൾക്ക് രാജിയിൽ അമർഷമുണ്ട്. കോൺഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുന്നുവെന്നും ഘടക കക്ഷികൾ വിലയിരുത്തുന്നു.

ബെന്നി ബഹനാൻ കൺവീനർ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച് മുന്നണിയിൽ ആലോചന നടന്നിട്ടില്ലെന്നാണ് ലീ​ഗ് പറയുന്നത്. ഇതു സംബന്ധിച്ച് ലീഗ് നേതാക്കൾ കോൺഗ്രസ്‌ നേതൃത്വവുമായി സംസാരിക്കും. കൺവീനറുടെ നാടകീയ രാജി തിരിച്ചടി ഉണ്ടാക്കി എന്നും ഘടക കക്ഷികൾ വിലയിരുത്തുന്നു. 

ഇന്നലെയാണ് മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് ബെന്നി ബഹനാനും പ്രചാരണ സമിതി ഭാരവാഹിത്വത്തിൽ നിന്ന് കെ മുരളീധരനും രാജി പ്രഖ്യാപിച്ചത്. സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഗ്രൂപ്പിനുള്ളിലെ പോരും രാജിയും. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിക്കുമ്പോഴും നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതും മുരളീധരന്റെ അതൃപ്തിക്ക് കാരണമാണ്.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരമുഖത്ത് നിൽക്കുമ്പോഴാണ് കോൺഗ്രസിൽ അതൃപ്തി പരസ്യമാക്കി രണ്ട് പേർ രാജി വച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എ ഐ ഗ്രൂപ്പുകൾ ശക്തമായ നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിൽ സിപിഎമ്മും എൽഡിഎഫും അവസാനഘട്ട ഒരുക്കങ്ങൾ നടത്തുമ്പോഴാണ് യുഡിഎഫ് കൺവീനർ തന്നെ രാജി വച്ചത്. 

എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പിൽ സജീവമാകുമോയെന്നാണറിയേണ്ടത്. ബെന്നിയുടെ രാജിക്ക് തൊട്ടുപിന്നാലെയാണ് മുരളീധരന്‍റെ അപ്രതീക്ഷിത രാജിയും തുറന്ന് പറച്ചിലും. വേണ്ടാത്തിടത്ത് വലി‍ഞ്ഞ് കേറി നിൽക്കേണ്ടെന്ന് മുരളിയുടെ പരാമർശം നേതൃത്വത്തിനെതിരെ പരസ്യനിലപാടാണ്. 

വട്ടിയൂർയൂർക്കാവ് നിയമസഭാ സീറ്റിൽ വീണ്ടും മത്സരിച്ച് സംസ്ഥാനത്തേക്ക് മടങ്ങിവരാൻ താല്പര്യം പ്രകടിപ്പിച്ച മുരളിധരനെ ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കാരണം. സുവർണ്ണജൂബിലി ആഘോഷിച്ച് ഉമ്മൻചാണ്ടി സജീവമാകുമ്പോഴാണ് ഒരു ഭാഗത്ത് പൊട്ടിത്തെറിയെന്നതും ശ്രദ്ധേയമാണ്. 

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനയിൽ ചെന്നിത്തലയും കൂട്ടരും അതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് രാജിയും നേതൃത്വത്തിനെതിരെ മുരളീധരന്റെയും ബെന്നിയുടേയും പരാമർശനങ്ങളും.