തുടർച്ചയായുണ്ടാകുന്ന ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകളും പ്രദേശവാസികളും നിരവധി പരാതികൾ പഞ്ചായത്ത് അധികാരികൾക്ക് നൽകിയിട്ടും പരിഹരിക്കാനായിട്ടില്ല.

മണ്ണഞ്ചേരി: കടുത്ത വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നിവാസികൾ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചന സമരം നടത്തി. പരപ്പിൽ, വട്ടച്ചിറ, അടിവാരം, പുതുപ്പറമ്പ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സൂചന സമരം നടത്തിയത്. വാർഡിലെ ഈ പ്രദേശങ്ങൾ കാലവർഷം തുടങ്ങി കഴിഞ്ഞാൽ വെള്ളക്കെട്ടിലാണ്. കഴിഞ്ഞ പത്ത് വർഷക്കാലത്തിലധികമായി കാലവർഷക്കെടുതി മൂലമുള്ള ദുരിതം പ്രദേശവാസികൾ അനുഭവിക്കുകയാണ്.

തുടർച്ചയായുണ്ടാകുന്ന ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകളും പ്രദേശവാസികളും നിരവധി പരാതികൾ പഞ്ചായത്ത് അധികാരികൾക്ക് നൽകിയിട്ടും പരിഹരിക്കാനായിട്ടില്ല. പരപ്പിൽ തോട് വൃത്തിയാക്കി ആഴം കൂട്ടുകയും അതോടൊപ്പം അടിവാരം - വേമ്പനാട്ടുകായൽ തോടും ആഴം കുട്ടി നീരൊഴുക്ക് സുഖമമാക്കിയാൽ വെള്ളക്കെട്ട് ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ കാലവർഷം ശക്തമായികൊണ്ടിരിക്കുകയാണ്. പരപ്പിൽ, അടിവാരം, വട്ടച്ചിറ പ്രദേശങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലാണ്. വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരം ശക്തമാക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രഭാഷ് കന്നിട്ടപ്പറമ്പ്, നൂറുദ്ദീൻ പരപ്പിൽ, ഹസീബ് കുഞ്ഞുമോൻ, അലിയാർ, ജാസ്മിൻ നാസർ, നസീമ, ജൂമലൈത്ത് ഷിഹാബ്, അജീനാ ഹസീബ്, നജീന തുടങ്ങിയവർ ജനകീയ സമരത്തിന് നേതൃത്വം നൽകി.

YouTube video player