കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൻ്റെ ആദ്യമണിക്കൂറിൽ തന്നെ മികച്ച പോളിംഗ്. രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുന്നതിന് മുൻപേ തന്നെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ ക്യൂ ദൃശ്യമായിരുന്നു. ഏറ്റവും കൂടുതൽ വിഐപി വോട്ടർമാർ വോട്ട് ചെയ്യുന്നു എന്ന പ്രത്യേകതയും ഇന്നത്തെ വോട്ടെടുപ്പിനുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയൻ വീടിനടുത്തുള്ള ചേരിക്കൽ ബേസിക്ക് ഗവ.സ്കൂളിൽ കുടുംബസമേതം വോട്ട് ചെയ്യാനെത്തി. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം അതിരാവിലെ മുതൽ ഈ ബൂത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഉണ്ടായിരുന്നു. ഭാര്യ കമല മക്കളായ വീണ, വിവേക് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പാപ്പിനിശ്ശേരി അരോളി ഗവ എച്ച് എസ്എസിൽ കുടുംബസമേതം വോട്ട് ചെയ്യാനെത്തി. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സംസ്ഥാന സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾക്ക് ജനം പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. 

മലപ്പുറം പാണക്കാട് സി.കെ.എം.എം.എൽ.പി സ്കൂളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വോട്ട് രേഖപ്പെടുത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുൻവറലി ശിഹാബ് തങ്ങളും ഇവിടെ വോട്ട് രേഖപ്പെടുത്തി. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ വോട്ട് ചെയ്ത ശേഷം പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ കൃത്യമായ ഭരണവിരുദ്ധവികാരം പ്രകടമാണെന്നും ജനങ്ങളുടെ ഏകപ്രതീക്ഷ യുഡിഎഫാണെന്നും മലബാറിൽ മുന്നണി മികച്ച വിജയം നേടുമെന്നും ഇതേ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ മലപ്പുറം എംപി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അത്തോളിയിലെ മൊടക്കല്ലൂർ എയുപി സ്കൂളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.
പെരിന്തൽമണ്ണ ഖാദർമുല്ല സ്കൂളിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കുടുംബസമേതം എത്തി വോട്ട് ചെയ്യാനെത്തി. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും വോട്ട് ചെയ്യാനായി അതിരാവിലെ ബൂത്തിലെത്തി ക്യൂവിൽ നിൽക്കുകയാണ്.