Asianet News MalayalamAsianet News Malayalam

കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്ക് നേരെ ലൈംഗീകാതിക്രമം: പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം

പരിപാടിക്കെത്തിയെ 20ഓളം ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഇതിനകം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയാണ്   പൊലീസ് കേസ്സെടുത്തിരിക്കുന്നത്

Sexual harassment of young actresses in Kozhikode mall: Investigation team unable to clarify about the accused
Author
First Published Oct 3, 2022, 11:25 AM IST

കോഴിക്കോട്:സിനിമ പ്രമോഷനിടെ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ  പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം. സംഭവസമയത്തുണ്ടായിരുന്ന ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.  പരിപാടിക്കെത്തിയെ 20ഓളം ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഇതിനകം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. പരിപാടിയുടെ ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളുടെയും ആദ്യഘട്ട പരിശോധനയിലും വ്യക്തമായ സൂചനകളില്ലെന്നാണ ് വിവരം.  തുടരന്വേഷണം എങ്ങിനെ വേണമെന്നതിനെക്കുറിച്ച്  തീരുമാനമെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും. നിലവിലെ അന്വേഷണ പുരോഗതിയെക്കുറിച്ചും വിലയിരുത്തലുണ്ടാകും.  യുവ നടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ  കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയാണ്  പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്

അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു. 

നടിയുടെ പോസ്റ്റിൽ നിന്നും.... 

ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? 

പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം...

കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടൻമാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.ഒരു വര്‍ഷം മുൻപ് മലയാളത്തിലെ മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളിൽ വച്ച് ലൈംഗീക അതിക്രമം നേരിടേണ്ടി വന്നിരുന്നു. നടി ഇക്കാര്യം ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും അതിക്രമം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios