കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെൻറ് സ്റ്റുഡൻസ് യൂണിയന്റെ മാ​ഗസിനിൽ വിവാദ പരാമ‌‌ർശം ഉണ്ടായ സംഭവത്തിൽ എസ്എഫ്ഐ മാഗസിൻ കമ്മിറ്റിയിൽ നിന്ന് വിശദീകരണം തേടുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി. മതത്തെ മോശമായി ചിത്രീകരിക്കൽ എസ്എഫ്ഐയുടെ നിലപാടിന് വിരുദ്ധമാണ്. മോശമായ ഭാഗങ്ങൾ മാഗസിനിൽ നിന്ന് നീക്കാൻ സർവ്വകലാശാലയോട് ആവശ്യപ്പെട്ടുവെന്നും ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

യൂണിവേഴ്സിറ്റി ക്യാംപസിൽ എസ്എഫ്ഐ ഭരിക്കുന്ന ഡിപ്പാർട്ട്മെൻറ് സ്റ്റുഡൻസ് യൂണിയൻ ഇറക്കിയ മാ​ഗസിൻ വിവാ​ദപരാമ‌‌ർശത്തെ തുടർന്ന് പിൻവലിച്ചിരുന്നു. മാഗസിൻ ഹിന്ദു-മുസ്ലിം മത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയ‌ർന്നതിന് പിന്നാലെയാണ്  പോസ്റ്റ് ട്രൂത്ത് എന്ന പേരിൽ ഇറക്കിയ മാ​ഗസിൻ പിൻവലിച്ചത്. പ്രധാനമന്ത്രിയെ കളിയാക്കാനും മതവികാരം വ്രണപ്പെടുത്താനും മാഗസിൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ക്യാമ്പസിലെ ബിജെപി അനുകൂല തൊഴിലാളി യൂണിയനും എബിവിപിയും രംഗത്തെത്തിയിരുന്നു.

മാഗസിൻ സ്റ്റാഫ് എഡിറ്ററുടെയും സ്റ്റാഫ് അഡ്വൈസറുടെയും ശുപാർശ പ്രകാരം വൈസ് ചാൻസലറാണ് മാഗസിൻ പിൻവലിക്കാൻ ഉത്തരവിട്ടത്. മാഗസിൻ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്ന് സർവ്വകലാശാല നിയോഗിച്ച സമിതിയും കണ്ടെത്തി. പിന്നാലെ മാഗസിൻ വിതരണം തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ രജിസ്ട്രാർ ഡോക്ടർ കെഎൽ ജോഷി ആവശ്യപ്പെടുകയായിരുന്നു. യൂണിവേഴ്സിറ്റിയുടെ തേഞ്ഞിപ്പാലം തൃശൂർ പഠന വകുപ്പുകളിലെ വിദ്യാർത്ഥികളുടെ അംഗീകൃത യൂണിയനാണ് ഡിഎസ്യു.