ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്എഫ്ഐ പ്രവർത്തകർ. 

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടേക്ക് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ. രാത്രി പത്തേകാലോടെയാണ് മുദ്രാവാക്യം വിളികളോടെ 15ഓളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനർ സ്ഥാപിക്കാനെത്തിയത്. 'കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്' എന്നെഴുതിയ ഫ്ലക്സ് എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ പേരിലാണ് സ്ഥാപിച്ചത്. 

അതേ സമയം, കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ ആരോപണമുന്നയിച്ചിരുന്നു. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും ഷാഫി കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയില്ലെന്ന് എഎസ്‌പി പറഞ്ഞു. എന്നാൽ തെരച്ചിൽ നടത്തിയ പൊലീസുകാർ രഹസ്യ വിവരം കിട്ടിയിട്ടാണ് വന്നതെന്ന് പറഞ്ഞു. എഎസ്‌പി എല്ലാ മുറികളും പരിശോധിച്ചെന്ന് പറഞ്ഞപ്പോൾ സേർച്ച് നടത്തിയ പൊലീസുകാർ കോൺഗ്രസുകാരുടെ മുറികൾ മാത്രം പരിശോധിച്ചെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ 2 റൂമിൽ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്. അത് പോലും വ്യക്തമായി എഴുതി തന്നില്ലെന്നും ഷാഫി വിമര്‍ശിച്ചു.

Read Also: 'പണം ഇന്നലെ വന്നിട്ടുണ്ട്, ആ സമയം ഷാഫി അവിടെ ഉണ്ട്'; ഹോട്ടലിൽ പണം എത്തിയെന്ന് ആവർത്തിച്ച് കെപി അനിൽകുമാർ‌

Asianet News Live | Palakkad Raid | ഏഷ്യാനെറ്റ് ന്യൂസ് | USA Election | Donald Trump | Kamala Harris