മഹാരാജാസിന്റെ മണ്ണിൽ ഒരു കത്തിമുനയിൽ പിടഞ്ഞുവീണ് അഞ്ചാണ്ടു തികയുമ്പോഴും. പ്രതികളെല്ലാം പിടിയിലായിക്കഴിഞ്ഞിട്ടും 2022 സെപ്റ്റംബർ 25 -ന് പൊലീസ് കുറ്റപത്രവും സമർപ്പിച്ചു കഴിഞ്ഞിട്ടും ആ കൊലക്കേസിന്റെ വിചാരണ മാത്രം സാങ്കേതികത്വങ്ങളിൽ കുരുങ്ങി ഇനിയും ആരംഭിച്ചിട്ടില്ല.
കൊച്ചി: എസ്എഫ്ഐ നേതാവും എറണാകുളം മഹാരാജാസിലെ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ച് വര്‍ഷം. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടന്ന് 5 വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. ബുദ്ധിയുറച്ച നാൾ മുതൽ വിപ്ലവത്തിന്റെ ഇരമ്പം ചെവിക്കുള്ളിൽ കേട്ടുതുടങ്ങിയപ്പോഴാണ് അഭിമന്യു എന്ന വട്ടവടക്കാരൻ, വിപ്ലവത്തിന്റെ കൂറുള്ള മഹാരാജാസിന്റെ മണ്ണിൽ പഠിക്കാനായി വന്നത്. അവിടത്തെ കലാ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന അഭിമന്യു എസ്എഫ്ഐയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.
ഇന്നേക്ക് അഞ്ചുവർഷം മുമ്പൊരു ജൂലൈ രണ്ടിന് പുലർച്ചെ വരെ ചുവരെഴുതാൻ ഉറക്കമിളച്ചു നിന്നവരുടെ കൂടെ, അവരിലൊരാളായി എല്ലാറ്റിനും അഭിമന്യുവും ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു ചുവരിന്മേലുള്ള അവകാശത്തർക്കമുണ്ടാവുന്നത്. ഏതൊരു കോളേജിലും വളരെ സ്വാഭാവികമായി നടക്കുന്ന ചെറിയൊരു വഴക്ക്. അതിൽ നിന്നും ഉടലെടുത്ത, രണ്ടുപാർട്ടികൾ തമ്മിലുള്ള ഒരു തല്ല്. അതിലേക്ക് മാരകായുധങ്ങളുമായി കടന്നുവരാനും, ആ മണ്ണിൽ ചോരവീഴ്ത്തിക്കൊണ്ട് ചിലതൊക്കെ സ്ഥാപിക്കാനും ചിലരുണ്ടായി. അന്നവിടെ കുത്തുകൊണ്ടു പിടഞ്ഞുവീണ മൂന്നുപേരിൽ ഒരാളായിരുന്നു അഭിമന്യു. മറ്റുരണ്ടുപേരും പരിക്കുകളെ അതിജീവിച്ചു. അഭിമന്യുവിന് പക്ഷേ അതിനായില്ല.
മലമുകളിൽ നിന്നും ഒരു ചരക്കുലോറിയിൽ കേറി തലേന്ന് രാവിലെ മാത്രം കോളേജുപിടിച്ച അഭിമന്യു, അടുത്ത പകൽ മുഴുവൻ അതേ കലാലയത്തിനുള്ളിൽ വെള്ളപുതച്ചു കിടന്നു. 'നാൻ പെറ്റ മകനേ...'യെന്ന് അന്നവന്റെ അമ്മ ഭൂപതി അലമുറയിട്ടു കരഞ്ഞപ്പോൾ കേരളത്തിന് പൊള്ളി. കുത്തേറ്റു പൊലിഞ്ഞ മഹാരാജാസിലെ മണ്ണിൽ ഇന്ന് അഭിമന്യുവിന്റെ പേരിൽ ഒരു സ്മാരകം ഉയർന്നിട്ടുണ്ട്. അവന്റെ നാടായ വട്ടവടയിൽ ചോർന്നൊലിച്ചിരുന്ന കൂരയ്ക്ക് പകരമായി പാർട്ടി നേരിട്ടുകെട്ടിക്കൊടുത്ത അടച്ചുറപ്പുള്ള ഒരു വീടുണ്ട്. അവന്റെ ചേച്ചിയുടെ കല്യാണം എല്ലാവരും ചേർന്ന് ഭംഗിയാക്കി നടത്തി. അഭിമന്യുവിന്റെ ചേട്ടന് ഇന്നൊരു സഹകരണ ബാങ്കിൽ ജോലിയുണ്ട്. കലൂരിൽ അവന്റെ പേർക്കൊരു സ്റ്റഡി സെന്ററും പാർട്ടി പണിത് പൂർത്തിയാക്കിയിട്ടുണ്ട്. അഭിമന്യുവിന്റെ നാട്ടിൽ അവന്റെ പേരിൽ, അവന്റെ ആഗ്രഹം പോലെ തന്നെ ഒരു ലൈബ്രറി പണിത് അത് പുസ്തകങ്ങൾ കൊണ്ട് നിറച്ചിട്ടുമുണ്ട് അവന്റെ സ്നേഹിതർ.
എങ്കിലും മഹാരാജാസിന്റെ മണ്ണിൽ ഒരു കത്തിമുനയിൽ പിടഞ്ഞുവീണ് അഞ്ചാണ്ടു തികയുമ്പോഴും. പ്രതികളെല്ലാം പിടിയിലായിക്കഴിഞ്ഞിട്ടും 2022 സെപ്റ്റംബർ 25 -ന് പൊലീസ് കുറ്റപത്രവും സമർപ്പിച്ചു കഴിഞ്ഞിട്ടും ആ കൊലക്കേസിന്റെ വിചാരണ മാത്രം സാങ്കേതികത്വങ്ങളിൽ കുരുങ്ങി ഇനിയും ആരംഭിച്ചിട്ടില്ല. അതിനു പറയുന്ന കാരണങ്ങൾ എന്തായാലും, വിപ്ലവക്കൊടി പിടിച്ച്, ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് ആ ക്യാമ്പസിൽ നിറഞ്ഞു നിന്ന അഭിമന്യുവിനോട് കാലം ചെയ്യുന്ന അനീതിയാണത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

