പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാൻ തയ്യാറാവാതെ പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയാണ്.
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തിയത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു. പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാൻ തയ്യാറാവാതെ പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേടിനു മുകളിൽ കയറിനിന്നും പ്രതിഷേധിക്കുകയാണ്. വൻ സുരക്ഷയാണ് രാജ്ഭവനു മുന്നിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.
അതിനിടെ, ടാങ്കിലെ വെള്ളം കഴിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് പൊലീസ്. നിലവിൽ കണ്ണീർ വാതകം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. പ്രവർത്തകർ പിരിഞ്ഞുപോവാത്ത സാഹചര്യത്തിലാണ് ടിയർ ഗ്യാസ് പ്രയോഗിക്കാനുള്ള തീരുമാനം. എന്നാൽ മുന്നറിയിപ്പ് വന്നിട്ടും പിരിഞ്ഞുപോവാതെ മാർച്ച് നടക്കുകയാണ്.


