Asianet News MalayalamAsianet News Malayalam

മൊബെെല്‍ ടവര്‍ സമരം; മലക്കം മറിഞ്ഞ് എസ്‍സിടി കോളജ് എസ്എഫ്ഐ യൂണിറ്റ്

ടവറിന്‍റെ ഹൈ റേഡിയോ വേവ് അല്ലെങ്കിൽ മൈക്രോ വേവിന്  ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാൻ പോന്ന പ്രാപ്തി ഉണ്ടോ എന്നത് ആശങ്കയോടെ കാണുന്നുവെന്നായിരുന്നു എസ്എഫ്ഐ എസ്‍സിടി യൂണിറ്റ് ആദ്യം പറഞ്ഞിരുന്നത്.

sfi sct unit changes its stand in mobile tower issue
Author
Pappanamcode, First Published Jul 27, 2019, 6:41 PM IST

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിന് സമീപം നിര്‍മിച്ച മൊബൈല്‍ ടവറിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന പാപ്പനംകോട് ശ്രീ ചിത്തിരതിരുന്നാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് മലക്കം മറിഞ്ഞു. ടവറിന്‍റെ ഹൈ റേഡിയോ വേവ് അല്ലെങ്കിൽ മൈക്രോ വേവിന്  ക്യാമ്പസിനെ മൊത്തം നശിപ്പിക്കാന്‍ പോന്ന പ്രാപ്തി ഉണ്ടോ എന്നത് ആശങ്കയോടെ കാണുന്നുവെന്നായിരുന്നു എസ്എഫ്ഐ എസ്‍സിടി യൂണിറ്റ് ആദ്യം പറഞ്ഞിരുന്നത്.

ഇത്തരത്തിൽ ടവർ പ്രവർത്തനം ആരംഭിച്ചാൽ 2000ൽ അധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ഓരോ ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ഇത് വളരെ മോശമായ രീതിയിൽ ബാധിക്കും. വിദ്യാർത്ഥികളുടെ സംരക്ഷണം പ്രിൻസിപ്പാളിന്‍റെയും കോളേജിന്‍റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ഇതിലെ ശാസ്ത്രീയ വശങ്ങൾ പഠിച്ച് ക്യാമ്പസിന് വിപത്താണെങ്കിൽ ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടതായും എസ്എഫ്ഐ എസ്‍സിടി യൂണിറ്റ് അവകാശപ്പെട്ടിരുന്നു.

ഇതു വ്യക്തമാക്കുന്ന കത്ത് അടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തന്നെ മൊബൈല്‍ റേഡിയേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ നീക്കം നടത്തുന്നു എന്ന രീതിയിലും എസ്എഫ്ഐയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തില്‍ എസ്എഫ്ഐ എസ്‍സിടി യൂണിറ്റ് മലക്കം മറിഞ്ഞിരിക്കുന്നത്. 

sfi sct unit changes its stand in mobile tower issue

ഇപ്പോള്‍ എസ്എഫ്ഐ എസ്‍സിടി കോളജിൽ മൊബൈൽ ടവറിനെതിരെ സമരം ചെയ്യുന്നു എന്നത് വ്യാജവാർത്തയാണെന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ യൂണിറ്റ് അവകാശപ്പെടുന്നത്. മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെയല്ല ആശങ്ക പ്രകടിപ്പിക്കുന്നതെന്നും മറിച്ച് അനധികൃതമായി ടവർ സ്ഥാപിക്കുന്നതിനെതിരെയാണ് സമരവുമെന്നാണ് ഇപ്പോള്‍ എസ്എഫ്ഐ പറയുന്നത്.

വിഷയവുമായി ബന്ധപ്പെട്ട്  ആദ്യമിട്ട ഫേസ്‌ബുക്ക് കുറിപ്പിൽ 'ക്യാമ്പസിനെ മൊത്തം നശിപ്പിക്കാൻ പോന്ന' എന്ന പരാമർശം തികച്ചും തെറ്റിദ്ധാരണാജനകമായിരുന്നു എന്ന് മനസിലാക്കുന്നുവെന്നും എസ്എഫ്ഐ കുറിച്ചു

വിഷയത്തില്‍ എസ്എഫ്ഐ എസ്‍സിടി യൂണിറ്റ് ആദ്യം ഇട്ട പോസ്റ്റ് 

വിദ്യാർത്ഥികൾ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നമ്മുടെ ക്യാമ്പസിന്റെ ക്രിക്കറ്റ് നെറ്റ്സിന് സമീപമായി ഭാരതി എയർടെൽ നെറ്റ്‌വർക്കിന്റെ ഒരു ടവർ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. ടെലികോം ഡിപ്പാർട്ട്മെന്റിന്റെ സർവെയിൽ ഏറ്റവും അധികം റേഡിയേഷൻ പുറപ്പെടുവിക്കുന്ന നെറ്റ് വർക്ക് എന്ന് പേര് കേട്ട ഭാരതീയ എയർടെൽ നെറ്റ് വർക്ക് SCT യുടെ മണ്ണിൽ സ്ഥാപിക്കുന്നത് വളരെയധികം ഭീതിയോടെയാണ് SFI നോക്കി കാണുന്നത്. നിലവിലെ തർക്ക ഭൂമിയിൽ ആണ് ടവർ സ്ഥാപിച്ചിരിക്കുന്നത് എങ്കിലും ഇതിലെ ഹൈ റേഡിയോ വേവ് അല്ലെങ്കിൽ മൈക്രോ വേവിന് നമ്മുടെ ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാൻ പോന്ന പ്രാപ്തി ഉണ്ടോ എന്നതിൽ SFI SCT UNIT ആശങ്കയോടെ ആണ് കാണുന്നത്.

 

ഇത്തരത്തിൽ ടവർ പ്രവർത്തനം ആരംഭിച്ചാൽ 2000-ൽ അധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ഓരോ ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ഇത് വളരെ മോശമായ രീതിയിൽ ബാധിക്കും. വിദ്യാർത്ഥികളുടെ സംരക്ഷണം പ്രിൻസിപ്പാളിന്റെയും കോളേജിന്റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ഇതിലെ ശാസ്ത്രീയ വശങ്ങൾ പഠിച്ച് ക്യാമ്പസിന് വിപത്താണെങ്കിൽ ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് SFI SCT UNIT ശക്തമായി പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു. SCT എന്ന നമ്മുടെ സ്വർഗ്ഗത്തെ നശിപ്പിക്കുന്ന ഏത് തീരുമാനത്തെയും SFI ശക്തമായി എതിർക്കുന്നതാണ്. ഓഗസ്റ്റ് 5 റെഗുലർ ക്ലാസുകൾ തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ മറികടക്കാൻ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചില്ലെങ്കിൽ ക്ലാസുകൾ തുടങ്ങുന്ന ദിവസം ക്യാമ്പസിലെ മുഴുവൻ ക്ലാസുകളും അടച്ചിട്ട് SFI SCT UNIT വിദ്യാർത്ഥി പ്രതിരോധം തീർക്കുമെന്നും, ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാൻ കോളേജ് അധിക്യതർക്ക് കഴിയാത്തപക്ഷം വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പു വരുത്തി ക്യാമ്പസ് അനശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്ന രീതിയിലുള്ള പ്രക്ഷോഭ പരിപാടിയുമായി SFI SCT UNIT മുൻപോട്ട് പോകുമെന്നും അറിയിച്ചു.

വിശദീകരണവുമായി പിന്നാലെ ഇട്ട പോസ്റ്റ്

SFI SCT യൂണിറ്റിൻ്റെ പ്രസ്താവന

SFI SCT കോളേജിൽ മൊബൈൽ ടവറിനെതിരെ സമരം ചെയ്യുന്നു എന്നത് വ്യാജവാർത്ത

SFI SCT യൂണിറ്റ് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെയല്ല ആശങ്ക പ്രകടിപ്പിക്കുന്നത്; മറിച്ച് അനധികൃതമായി ടവർ സ്ഥാപിക്കുന്നതിനെതിരെയാണ്. വിഷയവുമായി ബന്ധപ്പെട്ട് SFI ആദ്യമിട്ട ഫേസ്‌ബുക്ക് കുറിപ്പിൽ 'ക്യാമ്പസിനെ മൊത്തം നശിപ്പിക്കാൻ പോന്ന' എന്ന പരാമർശം തികച്ചും തെറ്റിദ്ധാരണാജനകമായിരുന്നു എന്ന് മനസിലാക്കുന്നു. SFI ഇതുമായി ബന്ധപ്പെട്ട് ആദ്യം റെഫർ ചെയ്ത IIT BOMBAY ഡൽഹി ടെലികോം മന്ത്രാലയത്തിന് തയ്യാറാക്കി നൽകിയ ഒരു റിപ്പോർട്ടിലെ പരാമർശം അതുപോലെ മെൻഷൻ ചെയ്തപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണത്. പിന്നീട് യൂണിറ്റ് നടത്തിയ പരിശോധനയിൽ ആ റിപ്പോർട്ടിന് പിന്നിൽ ചില വ്യക്തിതാത്പര്യങ്ങൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുകയുണ്ടായി ആ തെറ്റിനെ അതേ പ്രാധാന്യത്തോടെ SFI കാണുന്നു. നിരവധിയായ വിമർശനങ്ങൾ വരുന്നതിനെത്തുടർന്ന് യൂണിറ്റ് ആ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിക്കുകയാണ്.

എന്നാൽ ഈ പിഴവിനെ ഉപയോഗിപ്പെടുത്തിക്കൊണ്ട് SCT കോളേജിൻ്റെ മൊത്തം അക്കാദമികമികവുകളെ താഴ്ത്തിക്കാട്ടാനും ഈ പ്രതിഷേധത്തിൻ്റെ മെറിറ്റ് അളക്കാനുമുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. കാരണം കേവലം പാരിസ്ഥിതികമായ വിഷയങ്ങൾ മാത്രമല്ല ഇതിന് പിന്നിലുള്ളതെന്ന് പൊതുസമൂഹം മനസിലാക്കുമെന്ന് കരുതുന്നു. 
KSRTCയും കോളേജും തമ്മിൽ കാലങ്ങളായി തർക്കം നിലനിൽക്കുന്ന ഭൂമിയിലാണ് ഈ നിർമാണം നടക്കുന്നത്. ഇവിടെ ഇരു കൂട്ടരും ഒരു തരത്തിലുള്ള നിർമാണവും നടത്തിയിരുന്നില്ല. എന്നാൽ പെട്ടെന്ന് കോളേജിനെയോ PTAയോ ബന്ധപ്പെട്ടവരെയോ അറിയാക്കാതെ നടത്തിയ നിർമ്മാണപ്രവർത്തനമായിരുന്നു ഇത്. ഏറിയ പങ്കും ഒറ്റരാത്രി കൊണ്ടാണ് പണി പൂർത്തിയായത്. സെൻട്രൽ വർക്സിൻ്റെ കോമ്പൗണ്ടിൽ ഏക്കറുകണക്കിന് ഭൂമി ബാക്കി കിടക്കേ കോളേജിൻ്റെ മതിലിനോടു ചേർന്ന് ആധാരപ്രകാരം കോളേജിന് അവകാശപ്പെട്ട ഭൂമിയിൽ ടവർ സ്ഥാപിക്കുന്നത് നമ്മുടെ അവകാശവാദത്തിനു മേൽ കൈകടത്താനുള്ള അവരുടെ ശ്രമമായിട്ട് തന്നെയാണ് SFI വിലയിരുത്തുന്നത്. നിരവധിയായ നിയമപോരാട്ടങ്ങൾ നടക്കുന്ന ഒരു സ്ഥലത്ത് യാതൊരു നിയമക്രമവും പാലിക്കാതെ നടത്തിയ തീർത്തും അനധികൃതമായ നിർമ്മാണപ്രവർത്തനങ്ങളെ SFI ഒരു ഘട്ടത്തിലും അംഗീകരിക്കില്ല. മാത്രമല്ല നിരവധിയായ അവസരങ്ങളിൽ നിയമലംഘനം നടത്തിയിട്ടുള്ള ഒരു സേവനദാതാവാണ് ഇപ്പോൾ ഈ നിർമാണപ്രവർത്തനം നടത്തുന്നത്. അത് ചോദ്യം ചെയ്യണ്ടാ എന്നാണോ നിങ്ങൾ പറയുന്നത്? അതെ അത് മാത്രമാണ് SFI ഉന്നയിക്കുന്നത്- വ്യക്തമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണോ നിർമാണം നടക്കുന്നതെന്നുള്ള സർക്കാർ തലത്തിലുള്ള പരിശോധനയും അന്വേഷണവുമാണ് SFI തുടക്കം മുതൽ ആവശ്യപ്പെടുന്നത്. വിഷയത്തിൽ പ്രത്യക്ഷസമരത്തിലേക്ക് പോലും SFI കടന്നിട്ടില്ല. ആശങ്കകൾ പരിഹരിക്കണമെന്നും ഏതെങ്കിലും തരത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുന്നതിൽ എന്ത് പിഴവാണുള്ളത്? ആ നിവേദനത്തിന് മേൽ കോളേജിൻ്റെ ഭാഗത്ത് നിന്ന് നടപടികൾ പുരോഗമിക്കുകയുമാണ്.

SFI SCT യൂണിറ്റ് ടവറിനെതിരെയും മൊബൈലിനെതിരെയുമാണ് സമരം ചെയ്യുന്നതെന്ന് വ്യാജപ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുക. ഞങ്ങളാരും അതിനൊന്നും എതിരല്ല. അങ്ങനെയുള്ള പ്രചരണമൊക്കെ നടത്തി ഒരു എഞ്ചിനീയറിംഗ് കലാലയത്തിൽ സംഘടനാ പ്രവർത്തനം നടത്താനാകും എന്നാണോ നിങ്ങൾ കരുതുന്നത്? എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയിൽ വളരെ മികച്ച റാങ്ക് നേടിയാൽ മാത്രം അഡ്മിഷൻ ലഭിക്കുന്ന ക്യാമ്പസാണിത്. ഈ കലാലയത്തിൻ്റെ ബൗദ്ധികമായ ശേഷി അളക്കാൻ വരുന്നതിനു മുൻപ് വിഷയം മനസ്സിലാക്കി പ്രതികരിക്കണമെന്ന് മാത്രമാണ് SFIക്ക് പറയാനുള്ളത്. ഈ വിഷയത്തിലും SFIയെ വിമർശിച്ച് എഴുതുന്നവരോട് ബഹുമാനം തന്നെയാണുള്ളത്. എന്നാൽ തികച്ചും തെറ്റിദ്ധാരണാജനകമായ വാർത്തകൾ അവഗണിക്കണമെന്ന് SFI SCT യൂണിറ്റ് പൊതുസമൂഹത്തോട് ആവശ്യപ്പെടുകയാണ്.

Follow Us:
Download App:
  • android
  • ios