വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കരുതെന്ന് മുൻപ് പറഞ്ഞ സതീശൻ, വർഗീയ വിഷങ്ങളെ ചേർത്തുനിർത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് ആരോപിച്ചു. അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോൺഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്ന് ശിവപ്രസാദ് പരിഹസിച്ചു.

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രതിനിധി സംഘം മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി. ഡി. സതീശൻ ഇന്ന് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേർത്ത് നിർത്തി പാലൂട്ടുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് സന്ദർശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോൺഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്ന് ശിവപ്രസാദ് പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസമാണ് ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി ശശികലയുടെയും ആർ.വി ബാബുവിന്റെയും നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃ സമ്മേളനത്തിൽ സംഘടന നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് നൽകിയെന്നും ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂർണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആർ.വി ബാബു കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞിരുന്നു. വളരെ തിരക്കുകൾക്കിടയിലും വളരെ ക്ഷമാപൂർവ്വം അദ്ദേഹം ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തുവെന്നും ആർവി ബാബു പറഞ്ഞി. കെ.പി ശശികല ടീച്ചർ, സുബ്രഹ്മണ്യൻ മുസ്സത്, മോഹൻ ത്രിവേണി, പ്രൊഫ. ഗോപിനാഥൻ, കെ.വി ശിവൻ, സുശികുമാർ, കെ.പ്രഭാകരൻ തുടങ്ങിയവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായർക്ക് സന്ദർശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദി ശ്രീ വി. ഡി. സതീശന് കയ്യടിച്ച ലീഗുകാരും കോൺഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കും. കേരളത്തിലെ നമ്പർ വൺ വർഗീയ വിഷങ്ങളായ ആർ. വി. ബാബുവിനും ശശികലക്കും ഒപ്പം സുസ്മേരവദനനായ മുഖ്യമന്ത്രിയെ കേരളം കാണുന്നു. മുഖ്യമന്ത്രിയെ കണ്ടു പുറത്തേക്ക് ഇറങ്ങിയശേഷം ആവണം സംസ്കൃത സർവകലാശാലയിലെ എംഎസ്എഫ് ബാനറിനെതിരെ വർഗീയ ചുവയോടെ ശശികലയുടെ വിഷം ചീറ്റുന്ന പോസ്റ്റ് വന്നത്. "ഇനിയും നന്നായി എഴുതണം" എന്ന് ശശികലയെ ശ്രീ. വി. ഡി. സതീശൻ ഉപദേശിച്ചിട്ടുണ്ടാവും.

കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ നടത്തിയ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ ഇന്നത്തെ മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ നടത്തിയ പ്രസംഗം ഓർത്ത് ഇന്നും കോരി തിരിക്കുന്ന ലീഗുകാരോട്: വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി. ഡി. സതീശൻ ഇന്ന് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേർത്ത് നിർത്തി പാലൂട്ടുമ്പോൾ, ആർഎസ്എസിന്‍റെ ദത്ത് പുത്രനാണ് വി. ഡി. സതീശൻ എന്ന് ലീഗുകാർക്ക് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു. അങ്ങനെ ആർഎസ്എസിന് വി. ഡി. സതീശൻ എന്ന ദത്ത് പുത്രനിലൂടെ കേരളത്തിൽ ഒരു മുഖ്യമന്ത്രിയെ കിട്ടിയിരിക്കുന്നു