തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനം നേരിട്ട സംഭവം അന്വേഷിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. ഡോ ഷംസാദ് ഹുസൈന്‍റെ നേതൃത്വത്തിലുള്ള ഉപസമിതി ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ പരാതികളും അന്വേഷിക്കും. 

അതിനിടെ ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്യാംപസിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തി. ജാതിവിവേചനം സംബന്ധിച്ച വാര്‍ത്ത രാവിലെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിൽ സമരം ആരംഭിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉച്ചയോടെ സമരം വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നിലേക്ക് മാറ്റി. 

വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്നില്‍ ഉപരോധം നടക്കുന്നതറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി. എന്നാല്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ അകത്തേക്ക് കയറും മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേംബര്‍ അകത്തു നിന്നും പൂട്ടി. ഇതോടെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാവാത്ത അവസ്ഥയിലാണ് പൊലീസ്. 

വൈസ് ചാന്‍സലറുമായി ഇതിനോടകം നിരവധി തവണ എസ്എഫ്ഐ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. അധ്യാപികയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ സസ്പെൻറ് ചെയ്യുകയോ ചെയ്യാതെ പ്രതിഷേധത്തില്‍ നിന്നും പിൻമാറില്ലെന്ന നിലപാടാണ് എസ്എഫ്ഐ നേതാക്കള്‍ സ്വീകരിച്ചത്.

ഒടുവില്‍ വിദ്യാര്‍ത്ഥികളോട് ഗുരുതരമായ ജാതിവിവേചനം കാണിച്ചെന്ന ആരോപണം നേരിടുന്ന ബോട്ടണി വിഭാഗം അധ്യാപിക ഡോക്ടർ ഷമീനയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എസ്എഫ്ഐയുടെ പ്രതിഷേധം അവസാനിച്ചു. സമാനമായ ആരോപണം നേരിടുന്ന മലയാളം വിഭാഗം തലവനോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.