ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലായി
ചാലക്കുടി: പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത സംഭവത്തിന് പിന്നാലെ ചാലക്കുടിയിൽ വീണ്ടും പൊലീസിന് നേരെ കൈയ്യേറ്റം. ജീപ്പ് തകര്‍ത്ത പ്രതിയെ തിരഞ്ഞെത്തിയ ഡിവൈഎസ്‌പിയെയാണ് എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. ചാലക്കുടി ഐ ടി ഐക്ക് സമീപത്ത് എസ് എഫ് ഐ പ്രവർത്തകരുടെ താമസ സ്ഥലത്ത് പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് ഡിവൈഎസ്‌പി ടിഎസ് സിനോജിന് നേരെയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ നീക്കം. ഇതോടെ പോലീസ് വീണ്ടും ലാത്തി വീശി.
അതേസമയം ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലായി. മുഖ്യപ്രതി നിധിനായി തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഇന്ന് ചാലക്കുടി ഐടിഐയിൽ വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു. ഇന്നലെ കോളേജിന് മുന്നിലെ കൊടിതോരണങ്ങൾ പൊലീസുകാര്‍ അഴിപ്പിച്ചിരുന്നു. ഇതിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രോഷത്തിലായിരുന്നു.
ഇന്ന് വൈകിട്ട് ഫലം വന്നപ്പോൾ കോളേജിൽ വൻ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികൾ ജയിച്ചു. പിന്നാലെ ആഹ്ലാദ പ്രകടനവും നടന്നു. ഇത് കഴിഞ്ഞ് മടങ്ങും വഴി പുറകിലുണ്ടായിരുന്ന പൊലീസ് ജീപ്പ് ഇവര്‍ ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ് നേതാവ് നിധിൻ പൊലീസ് ജീപ്പിന് മുകളിൽ കയറി വടി ഉപയോഗിച്ച് ജീപ്പിന്റെ മുൻവശത്തെ ചില്ല് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ജീപ്പിൽ പൊലീസുകാര്‍ ഇരിക്കെയാണ് ആക്രമണം നടന്നത്. പിന്നാലെ നിധിനടക്കമുള്ള പ്രവര്‍ത്തകര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് നിധിനെ പിടികൂടാൻ കൂടുതൽ പൊലീസുകാര്‍ എത്തിയെങ്കിലും പ്രദേശത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞു. സ്ഥലത്ത് വാക്കേറ്റമുണ്ടായി. ബലപ്രയോഗത്തിലൂടെ പൊലീസ് നിധിനെ പിടികൂടിയെങ്കിലും കസ്റ്റഡിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഇയാൾ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ പൊലീസുകാര്‍ക്ക് സാധിച്ചതുമില്ല. പിന്നാലെയാണ് ചാലക്കുടി ഡിവൈഎസ്‌പി തന്നെ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. ഐടിഐയിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് പ്രതി ഒളിച്ചുകഴിയുന്നുണ്ടോയെന്ന് അറിയാനാണ് ഇവിടേക്ക് പൊലീസ് എത്തിയത്. എന്നാൽ പൊലീസുകാരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ തര്‍ക്കം കൈയ്യേറ്റത്തിലേക്ക് വരെ എത്തുകയായിരുന്നു.
