മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരും സിഎംആർഎല്ലും വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. കേസിൽ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.
മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ രണ്ട് ഹർജികളാണെത്തിയത്. എസ് എഫ് ഐ ഒ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ തുടർ നടപടികൾ റദ്ദാക്കണമെന്നായിരുന്നു സി എം ആർ എല്ലിന്‍റെ ഹർജി. എസ് എഫ് ഐ ഒ സമർപ്പിച്ചത് തങ്ങൾക്കെതിരായ കുറ്റപത്രം അല്ലെന്നായിരുന്നു പ്രധാന വാദം. പൊലീസിന്‍റെ കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതുപോലെയുള്ള കോടതിയുടെ നടപടികൾ, പുതിയ നിയമത്തിലെ ചട്ടങ്ങൾക്ക് എതിരെന്നായിരുന്നു വാദം. തങ്ങളെക്കൂടി കേട്ടുമാത്രമേ എസ് എഫ് ഐ ഒ റിപ്പോർട്ടിൽ തുടർ നടപടി പാടുള്ളൂവെന്നും സി എം ആർ എൽ നിലപാടെടുത്തു.
എസ് എഫ് ഐ ഒ റിപ്പോർട്ടിനെ കുറ്റപത്രമായിത്തന്നെ കാണാമെന്നും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നടക്കം നടപടികളുമായി മുന്നോട്ട് പോകുന്ന കോടതി നടപടി നിയമപരമായി ശരിയാണെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വിശദമായി വാദം വേണമെന്ന് സിഎം ആർ എൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ തുടർ നടപടികൾ രണ്ടുമാസത്തേക്ക് സിംഗിൾ ബെഞ്ച് തടഞ്ഞത്. തൽസ്ഥിതി തുടരാൻ നിർദേശിച്ച കോടതി ഹർജി വേനലവധിക്കുശേഷം പരിഗണിക്കുമെന്ന് അറിയിച്ചു.
വിചാരണ കോടതി തിങ്കളാഴ്ച സമൻസ് അയക്കാൻ ഒരുങ്ങുന്നതിനിടെയാണ് സിഎംആർഎല്ലിൻ്റെ തന്ത്രപരമായ നീക്കം. ഇതോടെ വിചാരണ കോടതിക്ക് ഇനി സമൻസ് അയക്കാനാവില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ടും സിഎംആർഎൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പകർപ്പ് കിട്ടിയാൽ കുറ്റപത്രം ചോദ്യം ചെയ്ത് മേൽക്കോടതികളെ സമീപിക്കാനും സിഎംആർഎല്ലിന് സാധിക്കും.
ഇതിനിടെയാണ് മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്. എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, എക്സാലോജിക് കമ്പനി, സി എം ആർ എൽ, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾ എന്നിവയ്ക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. ആദായനികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തലിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി വ്യക്തമായെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ വിശദമായ പരിശോധന വേണമെന്നുമാണ് ആവശ്യം. ഹർജി മെയ് 27ന് വീണ്ടും പരിഗണിക്കും.

