കുന്നമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയായ ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2020 തിലാണ്
മലപ്പുറം: നാട്ടുവൈദ്യൻ ഷാബാഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. ഹാരിസിനെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ബന്ധുക്കളുടെ ഹർജിയിൽ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് അനുമതി നൽകിയിരുന്നു.
കുന്നമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയായ ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2020 തിലാണ്. ഇരുവരുടെയും മരണം ആത്മഹത്യയെന്നായിരുന്നു അബുദാബി പൊലീസിന്റെ നിഗമനം. വൈദ്യന്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളില്‍ നിന്നും ഈ രണ്ട് മരണങ്ങളെ കുറിച്ചുള്ള കൂടുതല്‍ മൊഴികള്‍ പൊലീസിന് ലഭിച്ചതാണ് നിർണായകമായത്.
ഷൈബിന്റെ നിര്‍ദേശ പ്രകാരം അബുദാബിയില്‍ എത്തിയ പ്രതികള്‍ ഹാരിസിന്റെ ഫ്ലാറ്റിന് സമീപം ഫ്ലാറ്റ് വാടകയയ്ക്ക് എടുക്കുകയായിരുന്നു.
അതിന് ശേഷം ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്തി. ഇത് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്തു. നാട്ടിലിരുന്ന് ഷൈബിൻ അഷ്റഫ് മൊബൈല്‍ വഴി നൽകിയ നിർദ്ദേശ പ്രകാരമായിരുന്നു നീക്കങ്ങൾ. തനിക്ക് വധഭീഷണി ഉണ്ടെന്ന പരാതിയുമായി ഹാരിസ് മരണത്തിന് മുൻപ് പൊലീസിനെ സമീപിച്ച തെളിവുകളും പുറത്തു വന്നിരുന്നു.
ആത്മഹത്യയെന്ന് തോന്നുന്ന തരത്തില്‍ രണ്ടുപേരെ കാല്ലാനുള്ള പദ്ധതിയെ ക്കുറിച്ച് ഷൈബിന്റെ കൂട്ടാളികള്‍ വിവരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. പ്രതികളില്‍ ഒരാളായ നൗഷാദ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ അബുദാബി പൊലീസ് അത്മഹത്യയെന്ന് എഴുതി തള്ളിയ കേസ്, വീണ്ടും അന്വേഷിക്കുകയെന്നത് പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. വിദേശത്ത് പോയി അന്വേഷണം നടത്തുന്നതിന് പല സാങ്കേതിക നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കണം.
ഷാബാ ഷെരീഫ് വധക്കേസിൽ ഇന്ന് ഒരു പ്രതി കീഴടങ്ങി. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന റിട്ടയേർഡ് എസ് ഐ സുന്ദരൻ സുകുമാരനാണ് തൊടുപുഴ മുട്ടം കോടതിയിൽ കീഴടങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കേസ്. 3177 പേജുള്ള കുറ്റപത്രം ഈ കേസിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ് അടക്കം പന്ത്രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ.
കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തിയ ആത്മഹത്യ ഭീഷണിയിൽ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കേസിലേക്ക് വഴിതുറക്കുന്നത്. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തിയിരുന്ന ഷാബാ ഷെരീഫിനെ ചികിത്സാ രഹസ്യം മനസിലാക്കാൻ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് 15 മാസത്തോളം നിലമ്പൂരിൽ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ തടവിൽ പാർപ്പിച്ചു. പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നാണ് കേസ്. മെയ് എട്ടിനാണ് കേസ് എടുത്തത്. 89ാം ദിവസം കുറ്റപത്രം നൽകി.
ഷൈബിൻ അഷ്‌റഫിന്റെ കുളിമുറിയിലെ പൈപ്പ്, നവീകരിച്ച കുളിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമെന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ നിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് പൊലീസ് കണ്ടെത്തിയ തെളിവുകൾ. മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളിലും വലയി പ്രതീക്ഷ വെച്ചുപുലർത്തുകയാണ് പൊലീസ്.
എന്നാൽ ഡിഎൻഎ പരിശോധന ഫലം കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടില്ല. ഇത് അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ നൽകാനാണ് പൊലീസ് തീരുമാനം. ഷാബാ ഷെരീഫിനെ തടവിലിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവും പോലീസ് ഫൊറൻസിക് സംഘത്തിന് കൈമാറി. ഇതിലെ കുറേ ദൃശ്യങ്ങൾ നീക്കം ചെയ്യപ്പെട്ട നിലയിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും തട്ടിക്കൊണ്ട് വന്നവരും സഹായിച്ചവരും ഉൾപ്പെടെ 12 പേരെയാണ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യക്കെതിരെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. സുന്ദരൻ ഒഴികെ ഇനി രണ്ട് പേർ കൂടി പൊലീസ് പിടിയിലാകാനുണ്ട്.
