കൂട്ടുപ്രതികളായ ഭഗവൽ സിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്ന ശരീര ഭാഷയായിരുന്നെന്നും ഉദ്യോഗസ്ഥർ
പത്തനംതിട്ട: കേരളം ഞെട്ടിയ നരബലി കേസിൽ പ്രതികളെയെത്തിച്ചുള്ള ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. നരഭോജനമടക്കമുള്ള കാര്യങ്ങളിൽ തെളിവുകൾ കണ്ടെത്താനായെന്നതാണ് ഇന്നത്തെ തെളിവെടുപ്പിന്‍റെ പ്രത്യേകത. മൂന്ന് പ്രതികളെയും സ്ഥലത്തെത്തിച്ചും തെളിവെടുപ്പിനൊപ്പം നായകളെ ഉപയോഗിച്ചുള്ള പരിശോധനയുമാണ് നടന്നത്. തെളിവെടുപ്പിലെ വിശദാംശങ്ങൾ വിശദീകരിച്ച ഡി സി പി ശശിധരനടക്കമുള്ള ഉദ്യോഗസ്ഥർ ഷാഫിക്ക് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. നരബലി നടത്തിയ സ്ഥലത്തും രക്തക്കറ കണ്ടുപിടിച്ച സ്ഥലങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്തും മനുഷ്യമാംസം സൂക്ഷിച്ചിരുന്ന ഫ്രഡ്ജിനടുത്തുമെല്ലാം എത്തിച്ച് തെളിവെടുത്തപ്പോഴും കൊലപാതകം വിശദീകരിച്ചപ്പോഴും ഷാഫിക്ക് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ കൂട്ടുപ്രതികളായ ഭഗവൽ സിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്ന ശരീര ഭാഷയായിരുന്നെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
എല്ലായിടത്തും വിശദമായ പരിശോധന പരമാവധി നടത്തിയെന്നും അന്വേഷണ സംഘം വിവരിച്ചു. ഇലന്തൂർ വീട്ടുപറമ്പിൽ ഇനിയൊരു മൃതദേഹ അവശിഷ്ടം ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകാൻ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമായിരുന്നു. ഇനിയും കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
അതേസമയം നരഭോജനം അടക്കമുള്ള കാര്യങ്ങൾ പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ഭഗവൽ സിംഗും ഷാഫിയുമാണ് മനുഷ്യമാംസം കറിവെച്ച് കഴിച്ചത്. ലൈല കഴിച്ചിട്ടില്ല. പ്രഷർ കുക്കറിലാണ് ഇത് പാചകം ചെയ്ത് കഴിച്ചത്. നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളടക്കം പൊലീസ് കണ്ടെത്തി. 10 കിലോ മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചിരുന്നെന്നും കണ്ടെത്തി. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളുമടക്കമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.
നരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയത്. ഇത് റോസ്‍ലിന്‍റെതും പത്മയുടേതുമാണെന്നാണ് വ്യക്തമാകുന്നത്. ഇതിനൊപ്പം തന്നെ തെളിവെടുപ്പിനിടെ കൊലപാതകം പ്രതികൾ പുനരാവിഷ്കരിക്കുകയും ചെയ്തു. അതി ക്രൂരമായാണ് രണ്ടുപേരെയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രീതിയടക്കം പ്രതികൾ ഡമ്മി പരീക്ഷണത്തിൽ വിശദീകരിച്ചു. ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ തെളിവെടുപ്പ് പൂർണമായും അവസാനിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
