തിരുവനന്തപുരം: അഴിക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം എല്‍ എയുമായ ഷാഫി പറമ്പില്‍ രംഗത്ത്. പ്രളയ ദുരിതാശ്വാസത്തിലെ പണം വകമാറ്റി ചെലവഴിച്ചത് ഫേസ്ബുക്കിലൂടെ ചൂണ്ടികാട്ടിയാണ് ഷാഫിയുടെ വിമര്‍ശനം. നികുതിപ്പണത്തിൽ നിന്ന് കോടികൾ പാര്‍ട്ടി നേതാക്കളുടെ കേസുവാദിക്കാന്‍ ചിലവഴിച്ചെന്നതടക്കമുള്ള വിമര്‍ശനം ഷാഫി മുന്നോട്ട് വച്ചിട്ടുണ്ട്.

ഷാഫിയുടെ കുറിപ്പ്

കുഞ്ഞു കുട്ടികൾ കുടുക്ക പൊട്ടിച്ച് 'സർക്കാരിന് ' കൊടുത്ത കാശ്, 'സക്കീറിന് ' പോകുന്നത് കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി, നാട്ടിൽ ചോദ്യങ്ങൾ ഉയരുന്നത്...

രണ്ടു ചെറുപ്പക്കാരെ, നിഷ്ക്കരുണം കൊന്നുതള്ളിയ പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി പീതാംബരനു, സുപ്രീംകോടതിയിൽ നിന്ന് വക്കീലിനെ ഏർപ്പാടാക്കാൻ നികുതിപ്പണത്തിൽ നിന്ന് കോടികൾ എടുത്തു കൊടുക്കുന്നത് കണ്ടതുകൊണ്ടാണ്, ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നത്..

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം കൊടുക്കണമെന്ന് താങ്കൾ അഭ്യർത്ഥിച്ചപ്പോൾ, കിണറ്റിലിറങ്ങി തോൽപ്പിക്കാൻ കഴിയാത്തതിന്റെ ക്ഷീണം മാറ്റാൻ വ്യാജ രേഖയുമായി കോടതിയിൽ പോയവർക്ക്, തൽക്കാലം തടയാനായത് കെഎം ഷാജിയുടെ ശമ്പളമായിരുന്നു. എന്നിട്ടും പേഴ്സണലായി , മറ്റെല്ലാ എം.എൽ.എമാരും നൽകിയതുപോലെ, ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നൽകിയ ഷാജിയുടെ മനസ്സിനെ, മുഖ്യമന്ത്രി വികൃതമെന്നെത്ര വിളിച്ചാലും, കേരളത്തിലെ ജനങ്ങൾ അത് അംഗീകരിക്കില്ല.

"എന്ന ഒരു സൗന്ദര്യമാ ഉവ്വേ, താങ്കളുടെ മനസ്സിനു "