Asianet News MalayalamAsianet News Malayalam

Ex MP കാര്‍; ജാഗ്രതകുറവുണ്ടായെന്ന് തുറന്ന് സമ്മതിച്ച് ഷാഫി പറമ്പില്‍

പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും വ്യക്തമാക്കിയ ഷാഫി തെറ്റിദ്ധരിക്കപ്പെട്ടയാളുടെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തിയെന്നും വിശദീകരിച്ചു

shafi parambil deleted his post about ex mp car photo
Author
Thiruvananthapuram, First Published Jun 16, 2019, 8:29 PM IST

തിരുവനന്തപുരം: എക്സ് എംപി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെറ്റ് സമ്മതിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച ഷാഫി പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചു. പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും വ്യക്തമാക്കിയ ഷാഫി തെറ്റിദ്ധരിക്കപ്പെട്ടയാളുടെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തിയെന്നും ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

ഷാഫിയുടെ കുറിപ്പ്

തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ Ex MP ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.
അത്‌ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത്‌ വരുന്നു. ഇത്‌ സംബന്ധിച്ച്‌ പല പോസ്റ്റുകളും വന്നതിന്‌ ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാർത്തയോ വരാത്തത്‌ കൊണ്ട്‌ അത്‌ ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു .

എന്റെ പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നു. ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തി .സ്റ്റാഫ് അംഗമാണ് ഫോണിൽ സംസാരിച്ചത്.

 

തെരഞ്ഞെടുപ്പിൽ തോറ്റതോടെ എം പി സ്ഥാനം നഷ്ടമായെങ്കിലും എം പി എന്നത് ഉപയോഗിക്കാൻ വേണ്ടി എക്സ്-എംപി എന്ന് എഴുതിയ കാര്‍ സിപിഎം നേതാക്കള്‍ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. ആറ്റിങ്ങല്‍ എം പിയായിരുന്ന സമ്പത്തിന് നേരെയാണ് വിമര്‍ശനങ്ങള്‍ നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതാകട്ടെ വി ടി ബല്‍റാം എന്ന യുവ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്നു.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ച ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഏറ്റെടുത്ത്  സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹത്തെ രൂക്ഷമായി വിമര്‍ശിച്ച് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബല്‍റാമിന്‍റെ പോസ്റ്റിനു പിന്നാലെ ഷാഫി പറമ്പില്‍ അടക്കമുള്ള ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിഷയം ആഘോഷിക്കുകയായിരുന്നു. എന്നാല്‍ 'Ex.MP' എന്ന് പതിപ്പിച്ച കാറിന്‍റെ ചിത്രങ്ങള്‍ വ്യാജനാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സമ്പത്ത് തന്നെ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് ഇക്കാര്യം പറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ് തൃത്താല എംഎല്‍എ ആയ ബല്‍റാം. കോണ്‍ഗ്രസിന്‍റെ തന്നെ മറ്റൊരു എംഎല്‍എ ശബരിനാഥന്‍ അടക്കമുള്ളവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഇത്തരത്തില്‍ പോസ്റ്റിടുന്നത് ശരിയല്ലെന്നാണ് ശബരി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാം പോസ്റ്റ് മുക്കിയത്.

Follow Us:
Download App:
  • android
  • ios