പാലക്കാട്: കോണ്‍ഗ്രസ് നേതാവായ ഷാഫി പറമ്പിലിന് രാജ്യത്തെ മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ വലിയ പ്രചാരണം വന്നിരുന്നു. നിരവധി പേരാണ് പാലക്കാട് എംഎല്‍എയായ ഷാഫിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്.

എന്നാല്‍, ഇപ്പോള്‍ അങ്ങനെ ഒരു അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന്  ഷാഫി പറമ്പില്‍ തന്നെ അറിയിച്ചു. 2015ൽ ടി എന്‍ ശേഷൻ ചെയർമാനായിട്ടുള്ള ഭാരതീയ ചത്ര സന്‍സദിന്‍റെ മികച്ച യുവസാമാജികനുള്ള അവാർഡ് ലഭിച്ചതിന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്ന് ഫേസ്ബുക്കില്‍ ഷാഫി കുറിച്ചു. 

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Pls Note ...
മികച്ച എം എൽ എ ക്കുള്ള അവാർഡ് ലഭിച്ചു എന്ന് facebook പോസ്റ്റുകളും watsapp മെസ്സേജുകളും നിറയെ വരുന്നത് ഇന്ന് വൈകുന്നേരമാണ് ശ്രദ്ധയിൽ പെട്ടത് .
യഥാർത്ഥത്തിൽ 2015ൽ ശ്രീ T.N ശേഷൻ ചെയർമാനായിട്ടുള്ള Bharatiya Chhatra Sansad ന്റെ മികച്ച യുവ സാമാജികനുള്ള അവാർഡ് ലഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ആരോ ഷെയർ ചെയ്തത് ഇപ്പോഴത്തെയാണെന്ന് കരുതിയായിരിക്കണം സ്നേഹം കൊണ്ട് പലരും അഭിനന്ദിച്ച് പോസ്റ്റിട്ടത് .
ദയവായി അത് ശ്രദ്ധിക്കണമെന്നും പോസ്റ്റിട്ടവർ തിരുത്തണമെന്നും അഭ്യർത്ഥിക്കുന്നു .