തിരുവനന്തപുരം:  കോൺഗ്രസിനുള്ളിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശത്തിന് രൂക്ഷ പ്രതികരണവുമായി യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. കോടിയേരി ബാലകൃഷ്ണൻ സി പി എമ്മിലെ ശശികല ടീച്ചറാണെന്നാണ് ഷാഫി പറമ്പിലിന്‍റെ മറുപടി. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ ജാള്യത മറക്കാന്‍ രമേശ് ചെന്നിത്തലയുടെ മേല്‍ കുതിര കയറേണ്ടെന്നും ഷാഫി പറയുന്നു. പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ടെന്നതാണ് ഈ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.  77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്ക് കേട്ടാണ് കോടിയേരിയുടെ വിമര്‍ശനമെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.
ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറി.
സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ RSS ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന SRP യുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും Bev Q ആയാലും PWC ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ അതിരൂക്ഷമായ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയത്. കോൺഗ്രസിനുള്ളിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ്. ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നുമായിരുന്നു വിമര്‍ശനം. "അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നതെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നുണ്ട്.

കോൺഗ്രസിനുള്ളിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി ബാലകൃഷ്ണൻ