തിരുവനന്തപുരം: കെ ടി ജലീലിന്‍റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് ഭയം കൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ഇപ്പോള്‍ ജലീലിന്‍റെ രാജി ആവശ്യപ്പെട്ടാല്‍ അത് നാളെ തന്നിലേക്കും എത്തും എന്ന ഭയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മന്ത്രി ജലീലിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍‌കി എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ചില മാധ്യമങ്ങളും അവരുടെ പരിവാരങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ വിളിപ്പു. മന്ത്രി ഇപ്പോള്‍ എന്‍ഐഎയ്ക്ക് മുന്നിലാണ്. ജലീലിന്‍റെ മാത്രമല്ല ഈ സര്‍ക്കാരിന്‍റെ  തന്നെ ക്ലീന്‍ ചിറ്റ് ജനങ്ങള്‍ കീറിക്കളഞ്ഞുവെന്ന് ഷാഫി പറഞ്ഞു.

വളരെ ഗൗരവമായ പ്രശനം പോലും ലാഘവത്തോടൊണ് മുഖ്യമന്ത്രി കാണുന്നത്.  രാഷ്ട്രീയ കേരളത്തിന്‍റെ ചരിത്രത്തില്‍, എന്തിനേറെ രാജ്യത്ത്  തന്നെ ഇത്തരമൊരു കള്ളക്കടത്ത് കേസിന്‍റെ ഭാഗമായി, രാജ്യദ്രോഹ കേസിന്‍റെ ഭാഗമായി എന്‍ഐഎക്ക് മുന്നില്‍ ഒരു മന്ത്രിക്ക് പോകേണ്ടി വന്ന സാഹചര്യം ആദ്യമായിരിക്കും.  

മുഖ്യമന്ത്രിയും കൂട്ടരും ജനങ്ങളെ വെല്ലു വിളിക്കുകയാണ്. ഇത് എകെജി സെന്‍ററിലെ പ്രശ്നമല്ല, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയുടെ പ്രശ്നമാണ്, ജനങ്ങളുടെ പ്രശ്നമാണ്. അതുകൊണ്ട് കെ ടി ജലീല്‍ രാജി വയ്ക്കാന്‍ തയ്യാറാവകണം, അല്ലെങ്കില്‍‌ ജിലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. കേരളത്തിന് മുന്നില്‍ ഈ സര്‍ക്കാരിന്‍റെ ക്ലീന്‍ ചിറ്റ് നഷ്ടപ്പെട്ടു. ധാര്‍മികതയുടെ ക്ലാസ് എടുത്തിരുന്നവരുടെ നിലപാടുകളൊക്കെ ഇപ്പോ പാതാളത്തില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.