രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി. മലയാള മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. രാഹുലുമായുള്ള തന്‍റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ല. നിലവിൽ ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരായ കാര്യങ്ങള്‍ നിയമപരമായി പോകുന്നുണ്ട്. അത് ആ രീതിയിൽ പോകട്ടെയെന്നാണ് പറയാനുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനോട് ഒളിവിൽ കഴിയാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടില്ലെന്നും അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ആരോപണം ഉയര്‍ന്നഘട്ടത്തിൽ തന്നെ മാറി നിൽക്കുകയെന്നത് രാഹുലും പാര്‍ട്ടിയും ഒരുമിച്ചെടുത്ത തീരുമാനമാണ്. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ സസ്പെന്‍ഡ് ചെയ്തു. എംഎൽഎ എന്ന രീതിയിൽ യുഡിഎഫിന്‍റെ ഭാഗമാക്കണ്ടയെന്ന തീരുമാനം നേതൃത്വമെടുത്തു. തന്‍റെ അടുപ്പം ഒന്നും ഇവിടെ കാര്യങ്ങളെടുക്കുന്നതിന് ബാധകമായിട്ടില്ല. മറ്റേത് പാര്‍ട്ടിയേക്കാളും നല്ലരീതിയിലാണ് കോണ്‍ഗ്രസ് വിഷയം കൈകാര്യം ചെയ്തത്. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഒരോരുത്തരുടെയും വ്യക്തിപരമായ നിലപാട് ആണ് പറഞ്ഞത്. എന്നാൽ, അതൊന്നും പാര്‍ട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല. രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ച പ്രകാരമല്ല. വ്യക്തിപരമായി പിന്തുണ ആവശ്യപ്പെട്ടപ്പോള്‍ പ്രാദേശികമായി ഉണ്ടായകാര്യമാണത്. 

ഔദ്യോഗികമായ പാര്‍ട്ടി പരിപാടികളിലൊന്നും രാഹുൽ പങ്കെടുത്തിട്ടില്ല. പ്രാദേശികമായി നടന്ന പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളത്. കോണ്‍ഗ്രസ് യുവ നേതൃനിരയിൽ ഈ സംഭവം തിരിച്ചടിയല്ല. എന്നാൽ, അതൊന്നും പാര്‍ട്ടി എടുത്ത തീരുമാനത്തിന് വിഖാതമായി മാറിയിട്ടില്ല. നിലവിൽ പാര്‍ട്ടി ഒരു നടപടിയെടുത്തിട്ടുണ്ട്. അതിൽ കൂടുതൽ എന്തെങ്കിലും പാര്‍ട്ടി എടുക്കുകയാണെങ്കിൽ ആ നിലപാടിനൊപ്പമായിരിക്കും താനടക്കമുള്ള നേതാക്കളുടെ നിലപാട്. വിഡി സതീശനുമായി അകൽച്ചയുണ്ടായോ എന്ന ചോദ്യത്തിന് അതെല്ലാം വാര്‍ത്തകള്‍ മാത്രമാണെന്നായിരുന്നു ഷാഫിയുടെ മറുപടി. സംസ്ഥാന രാഷ്ട്രീയമാണ് തന്‍റെ ഇഷ്ടപ്രവര്‍ത്തനമേഖലയെന്നും താൻ ദേശീയ രാഷ്ട്രീയത്തിൽ ഭാഗമാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറ‍ഞ്ഞു.

YouTube video player