താടിയില്ലെന്നും ഹിന്ദി പറയില്ലെന്നുമുള്ള വ്യത്യാസമേയുള്ളു. വയലാറിന്‍റെ സമരവീര്യം പറയുന്നവര്‍ എന്തിനാണ് കറുപ്പിനെ പേടിക്കുന്നതെന്നും ഷാഫി സഭയില്‍ ചോദിച്ചു. 

തിരുവനന്തപുരം: മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിഷേധക്കാരെ ആക്ഷേപിക്കുന്ന പിണറായിക്ക് മോദിയുടെ ഛായയാണ്. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നുമുള്ള വ്യത്യാസമേയുള്ളു. വയലാറിന്‍റെ സമരവീര്യം പറയുന്നവര്‍ എന്തിനാണ് കറുപ്പിനെ പേടിക്കുന്നതെന്നും ഷാഫി സഭയില്‍ ചോദിച്ചു. സ്പീക്കറുടെ കസരേ തള്ളി മറിച്ചിട്ടവരാണ് മന്ത്രിമാരായി ഇരിക്കുന്നെന്നും ഷാഫി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് ഷാഫി സഭയിലെത്തിയത്. 

YouTube video player

ഷാഫി പറമ്പില്‍ എംഎല്‍എയുടെ വാക്കുകള്‍

'കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിക്ക് നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളു, ആ തുണിക്ക് പകരം തന്‍റെ ഷര്‍ട്ടൂരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനല്‍ കുറ്റമാണോ'..പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ വാക്കുകകളാണിത്. അന്ന് ഇത് അപകടകരമായ സമരമായിരുന്നില്ല. അന്ന് പ്രതിഷേധം നടത്തുന്നത് ജനാധിപത്യ അവകാശമായിരുന്നു. ഇന്ന് എങ്ങനെയാണ് ഒരു കറുത്ത കഷ്ണം തുണി വലിയ അപകടകരമായ കാര്യമാവുന്നത്. എല്ലാ സമരങ്ങളോടും നിങ്ങള്‍ക്ക് ഇന്ന് പുച്ഛമാണ്. ജനാധിപത്യ സമരങ്ങളെ പുച്ഛിക്കുന്നവര്‍, തങ്ങളുടെ കഴിഞ്ഞ കാല മുഴുവന്‍ സമരങ്ങളെയും റദ്ദ് ചെയ്യുമ്പോള്‍ യുവജനസംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവര്‍ ആത്മനിന്ദയോടെ വേണം ഈ നിലപാടുകള്‍ക്ക് കയ്യടിക്കാന്‍.

ആന്തോളന്‍ ജീവികള്‍, അര്‍ബന്‍ നക്സലുകള്‍, മോവായിസ്റ്റ്, ടുക്കുടേ ടുക്കുടേ ഗ്യാന്‍ എന്നീ വാക്കുകള്‍ നരേന്ദ്ര മോദിയില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ഫാസിസ്റ്റുകളില്‍ നിന്നും നമ്മള്‍ കേട്ടിട്ടുണ്ട്. തെക്ക് വടക്ക് വിവരദോഷികള്‍, തെക്ക് വടക്ക് വികസന വിരോധികള്‍, തീവ്രവാദികള്‍, കേരള വികസന വിരുദ്ധര്‍ എന്നീ വാക്കുകള്‍ കെ റെയിലനെതിരെയും നികുതി ഭീകരയ്ക്ക് എതിരെയും സമരം ചെയ്യുമ്പോള്‍ ഇവിടെ കേള്‍ക്കുന്ന വാക്കുകളാണ്. നരേന്ദ്ര മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി പിണറായി വിജയന്‍റെ സര്‍ക്കാര് മാറി.