തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ ഷാഫി പറമ്പില്‍. സ്വര്‍ണ്ണക്കടത്ത് ആയുധമാക്കിയായിരുന്നു ഷാഫി പറമ്പില്‍ സഭയില്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഇതുവരെയുണ്ടായ ഒരുഭരണകാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ലെന്നും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്‍റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ലാത്ത ഒരേ ഒരാൾ മുഖ്യമന്ത്രി മാത്രമാണ്. ശിവശങ്കറിന്‍റെ ഗോഡ്‍ഫാദര്‍ മുഖ്യമന്ത്രിയാണ്. സ്വപ്‍ന സുരേഷിന് തളികയില്‍ ജോലി വച്ച് കേരളത്തിന്‍റെ സെക്രട്ടറിയേറ്റിനകത്ത് കേറാനുള്ള സ്വാധീനം ഉണ്ടാക്കിനല്‍കിയത് ഞങ്ങളല്ല. സ്വപ്‍ന സുരേഷിനെ ജോലിക്ക് എടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് നിര്‍ദേശിച്ചത് ശിവശങ്കര്‍. ചെറുപ്പക്കാരെ ഇതുപോല വഞ്ചിച്ച സർക്കാർ വേറെ ഇല്ല. ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും അസഹിഷ്ണുതയാണുള്ളത്. ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ പോയപ്പോൾ ബഹിഷ്‍ക്കരണമാണ് നടത്തിയതെന്നും ഷാഫി പറഞ്ഞു.