പിണറായി വിജയന്റെ അയൽക്കാരായിട്ടുള്ളവർ കോൺഗ്രസിന്റെ കൈപ്പത്തിക്ക് വോട്ട് ചെയ്തു. അപ്പോ ഷാഫി ചെന്നാൽ പിണറായി വിജയൻ വീട്ടിലിക്കുമെന്നും ജിന്റോ പറഞ്ഞു.
തിരുവനന്തപുരം: ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ തോൽക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഓൺലൈന് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിന്റോ ഇക്കാര്യം പറഞ്ഞത്. ഇത് പറയുന്നത് ഷാഫിയുടെ കപ്പാസിറ്റി ഞങ്ങൾക്കറിയാവുന്നത് കൊണ്ടാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ മത്സരിക്കുമ്പോൾ പിണറായി വിജയന്റെ സ്വന്തം ബൂത്തിൽ 2019നേക്കാൾ 22 വോട്ടുകൾ അധികം കിട്ടി. പിണറായി വിജയന്റെ അയൽക്കാരായിട്ടുള്ളവർ കോൺഗ്രസിന്റെ കൈപ്പത്തിക്ക് വോട്ട് ചെയ്തു. അപ്പോ ഷാഫി ചെന്നാൽ പിണറായി വിജയൻ വീട്ടിലിക്കുമെന്നും ജിന്റോ പറഞ്ഞു.
അതേസമയം, അടാട്ട് തിരിച്ചുപിടിച്ച അനിൽ അക്കരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയേക്കുമെന്ന് സൂചന. അഞ്ച് വർഷം മുൻപ് വടക്കാഞ്ചേരിയിൽ പരാജയപ്പെട്ട്, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ച അനിൽ അക്കര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അടാട്ട് തിരിച്ചുപിടിച്ച് പഞ്ചായത്ത് പ്രസിഡന്‍റായ അക്കര, നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുമെന്നാണ് സൂചനകൾ. 2016ൽ തൃശൂർ കോൺഗ്രസിലെ അവസാന വാക്കായ സി എൻ ബാലകൃഷ്ണന്‍റെ എതിർപ്പ് മറികടന്നാണ് ഉശിരൻ നേതാവായ അനിൽ അക്കരയെ കോൺഗ്രസ് വടക്കാഞ്ചേരിയിൽ ഇറക്കിയത്. അടാട്ട് പഞ്ചായത്തിന്‍റെ സാരഥിയായി നിരവധി പുരസ്‌കാരങ്ങൾ നേടിയ, ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ തിളങ്ങിയ അക്കര 43 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ വീട് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ തളച്ചെങ്കിലും വീട് മുടക്കിയെന്ന പേര് ചാർത്തി അനിൽ അക്കരയെ സിപിഎം പൂട്ടി. 2021 -ൽ അനിൽ അക്കരക്കെതിരെ എതിരാളികളുടെ ഏറ്റവും വലിയ പ്രചാരണ ആയുധം പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി അട്ടിമറിച്ചെന്ന ആരോപണമായിരുന്നു വോട്ടെണ്ണിയപ്പോൾ സി പി എമ്മിന്‍റെ സേവ്യർ ചിറ്റിലപ്പള്ളി ഈസിയായി ജയിച്ചുകയറി.
