തിരുവനന്തപുരം: കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് അരുൺ കൈ കൊണ്ട് മുഖം അമർത്തിയാണ് ശാഖാ കുമാരിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കും. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ ഫോറൻസിക് കണ്ടെത്തിയിട്ടുണ്ട്.

ബെഡ് റൂമിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശാഖയെ ഹോളിലേക്ക് കൊണ്ടുവന്ന് ഷോക്കേൽപ്പിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിലെ ഉദ്യോഗസ്ഥരും ഇന്നും സ്ഥലത്ത് പരിശോധന നടത്തും. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. നേരത്തെ ശാഖകുമാരിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് അരുണായിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങൾ അരുൺ തട്ടിയതായാണ് വിവരം. 

തിരുവനന്തപുരത്തെ 51കാരിയുടെ മരണത്തിൽ ദുരൂഹത; 26കാരനായ ഭർത്താവ് കസ്റ്റഡിയിൽ

ഇന്നലെയാണ് കാരക്കോണത്ത് 52 കാരിയായ ശാഖകുമാരിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് അന്വേഷണം 26 കാരനായ ഭർത്താവ് അരുണിലേക്ക് എത്തിയത്. തുടർന്ന് പൊലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതകമാണെന്ന് അരുൺ സമ്മതിച്ചു. 

നെയ്യാറ്റിങ്കരയിൽ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് നെയ്യാറ്റിൻകര സ്വദേശി അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്. രണ്ട് മാസം മുമ്പാണ് ശാഖയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞത്. പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.