വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്. 

തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് സന്ദര്‍ശനത്തിന് പോയ നിതാ കമ്മിഷൻ അംഗം ഷാഹിദ കമാല്‍ വിവാദത്തില്‍. വണ്ടിപ്പെരിയാരിലേക്ക് എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചതാണ് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെ വിവാദത്തിലാക്കിയത്. 

വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്. കമന്റ് ബോക്സിൽ ഷാഹിദയുടെ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ വനിതാ കമ്മിഷൻ അംഗം പോസ്റ്റ് പിൻവലിച്ചു. 

വനിതാ കമ്മിഷൻ അംഗത്തിന്റെ ‘ഉല്ലാസ’ പോസ്റ്റ്. ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം തുടങ്ങി നിരവധി കമന്റുകളും വിമർശനങ്ങളുമാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. ഷാഹിദ പോസ്റ്റ് പിൻവലിച്ചെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

വിടി ബലറാം, കെഎസ് ശബരിനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഷാഹിദ കമാലിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. നാളെയാണ് ഷാഹിദ കമാൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ എത്തുന്നത്.