തങ്ങളുടേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേർത്തുവെന്ന് ആരോപിച്ചാണ് ഷാജ് കിരണും ഇബ്രാഹിമും പൊലീസിന് പരാതി നൽകാനൊരുങ്ങുന്നത്. പരാതി കിട്ടാതെ ഷാജിനെ തൊടില്ല എന്നായിരുന്നു കേരളാ പൊലീസിന്‍റെ നിലപാട്. 

കൊച്ചി/ ചെന്നൈ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി വന്നുവെന്ന് അവകാശപ്പെട്ട് സ്വപ്ന സുരേഷിനെ സമീപിച്ചെന്ന് ആരോപിക്കപ്പെടുന്ന ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും കേരളം വിട്ടു. തമിഴ്നാട്ടിലാണ് താനും ഷാജും എന്ന് ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനെല്ലാമിടയിൽ അടുത്തയാഴ്ച ഷാജ് കിരണിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. മുൻമന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുക. 

ഇതിനിടെ, സ്വപ്ന സുരേഷിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് ഷാജ് കിരണും ഇബ്രാഹിമും. തങ്ങളുടേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേർത്തുവെന്ന് ആരോപിച്ചാണ് ഷാജ് കിരണും ഇബ്രാഹിമും പൊലീസിന് പരാതി നൽകിയിരിക്കുന്നത്. സ്വപ്നയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണമെന്നാണ് ആവശ്യം. ശബ്ദരേഖയിൽ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. തന്നെ പ്രതിയാക്കാൻ സ്വപ്ന ഗൂഢാലോചന നടത്തി. ശബ്ദരേഖയിൽ കൃത്രിമം വരുത്തി. സ്വപ്ന തന്നെ കെണിയിൽ പെടുത്തിയെന്നും ആ തെളിവുകളെല്ലാം ഫോണിലുണ്ടാകും എന്നാണ് ഇവരുടെ ആരോപണം. 

പരാതി കിട്ടാതെ ഷാജിനെ തൊടില്ല എന്നായിരുന്നു കേരളാ പൊലീസിന്‍റെ നിലപാട്. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഹൈക്കോടതിയിലെത്തിയ ഹർജിയിൽ ഉന്നയിക്കപ്പെട്ടിട്ടും ഷാജിനെ കസ്റ്റഡിയിലെടുക്കാനോ ഇയാളുന്നയിക്കുന്ന വാദങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. 

എന്നാൽ ഷാജും ഇബ്രാഹിമും യഥാർത്ഥത്തിൽ തമിഴ്നാട്ടിൽത്തന്നെയാണോ എന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല. ഇവർ ബിസിനസ് ആവശ്യത്തിനും വീഡിയോ തിരികെ എടുക്കാനുമായാണ് തമിഴ്നാട്ടിലേക്ക് പോയതെന്ന് പറയുന്നുണ്ടെങ്കിലും അതെല്ലാം വിശ്വസിക്കാവുന്നതാണോ എന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. 

സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പോലീസ് തീരുമാനം. 

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സംഘടന പരാതിയുമായി മുന്നോട്ട് വന്നാൽ ഷാജ് കിരണിനെതിരെ കേസ് എടുത്ത് നടപടിയാകാം എന്നാണ് തീരുമാനം.

വിജിലൻസ് മേധാവിയായ എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്.

ഒത്തു തീർപ്പിന് പോലീസ് നീക്കം നടത്തിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭാഷണം എന്ന് പ്രതിപക്ഷം ആരോപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കരുതലോടെയാകും ഷാജ് കിരണിനെതിരായ പോലീസ് നടപടി. 

'കടന്നതല്ല, പോയത് ദൃശ്യം തിരിച്ചെടുക്കാൻ'

സ്വപ്നയുമായുള്ള ചർച്ചയുടെ വീഡിയോ തിരിച്ചെടുക്കാൻ വേണ്ടിയാണ് താനും ഷാജ് കിരണും തമിഴ്നാട്ടിലേക്ക് പോയത് എന്നാണ് ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയല്ല തങ്ങൾ തമിഴ്നാട്ടിലേക്ക് പോയിരിക്കുന്നത്. വിജിലൻസ് എഡിജിപിയെ മാറ്റിയത് തങ്ങളെ ബാധിക്കുന്ന കാര്യമല്ല. വീഡിയോ തിരിച്ചെടുക്കാൻ വിശ്വാസ്യതയുള്ള ആളെ തന്നെ ഏൽപിക്കണം. അതിനാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്. ഞങ്ങൾ പുറത്തുവിടുന്ന വീഡിയോയുടെ വിവരങ്ങൾ പുറത്തുവരുന്നതോടെ എല്ലാ സത്യവും പുറത്തുവരും - ഇബ്രാഹിം പറയുന്നത്. 

ബിലീവേഴ്സ് ചർച്ചിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സ്വപ്ന എഡിറ്റ് ചെയ്ത് ചേർത്തതാണെന്നാണ് ഇബ്രാഹിം ആരോപിക്കുന്നത്. ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും പണം കടത്തിയെന്ന് പറയുന്ന ഓഡിയോ എഡിറ്റഡാണ്. ബിലീവേഴ്സ് ചർച്ചിന്‍റെ എഫ്സിആർഐ ലൈസൻസ് പോലും റദ്ദായിപ്പോയതാണല്ലോ എന്ന് പറഞ്ഞതിനെയാണ് ഇത്ര വലിയ വിവാദമാക്കുന്നത്. മുഖ്യമന്ത്രിയെക്കുറിച്ചും കോടിയേരിയെക്കുറിച്ചും പറഞ്ഞ വാദങ്ങളെല്ലാം എഡിറ്റഡാണ്. അതിനെതിരെ ഞങ്ങൾ പൊലീസിൽ പരാതി നൽകും - ഇബ്രാഹിം പറയുന്നു. ഞാനും സ്വപ്നയും തമ്മിൽ സഹോദരീസഹോദരബന്ധമേയുള്ളൂ. മറ്റൊരു ബന്ധവുമില്ല - എന്ന് ഇബ്രാഹിം. 

എച്ച്ആർഡിഎസ്സിന്‍റെ ഓഫീസിൽ വച്ചാണ് സ്വപ്നയും ഷാജ് കിരണും ഇബ്രാഹിമും കാണുന്നത്. എന്നാൽ സ്വപ്ന ഇന്നലെ പുറത്തുവിട്ട ഓഡിയോയിൽ സ്വപ്നയെ സഹായിക്കുന്ന തരത്തിൽ സംസാരിക്കുന്ന മറ്റാരുടെയോ ശബ്ദം കേൾക്കാം. ഇതാരാണെന്ന് വ്യക്തമല്ല. അത് സരിത്താണോ മറ്റാരെങ്കിലുമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതും പൊലീസ് പരിശോധിക്കാനിരിക്കേണ്ടതാണ്. 

മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിച്ച രണ്ട് പേർ എങ്ങനെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നു എന്നതാണ് ശ്രദ്ധേയം. തനിക്കും മുഖ്യമന്ത്രിക്കും എം വി നികേഷ് കുമാറിനുമെല്ലാമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ഇന്നലെ വാർത്താസമ്മേളനം വിളിച്ച് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തതാണ്.