കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍ മുഖ്യപ്രതിയായ ജോളിയാണ് രണ്ടാം വിവാഹത്തിന് നിർബന്ധം പിടിച്ചതെന്ന് ഷാജുവിന്റെ അച്ഛന്‍ സക്കറിയ. ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ല. മകന്‍ ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും ജോളി ചതിച്ചതാണെന്നും ഷാജുവിന്റെ അച്ഛന്‍ സക്കറിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോളി  ആവശ്യപ്പെട്ടത് അനുസരിച്ച് സിലിയുടെ സഹോദരനാണ് രണ്ടാം വിവാഹക്കാര്യം വീട്ടില്‍ വന്ന് സംസാരിച്ചതെന്നും സക്കറിയ പറഞ്ഞു. 

തന്‍റെ ഭാര്യ സിലിയും മകളും ആല്‍ഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തില്‍ മുന്‍ക്കൈ എടുത്തതെന്ന് ഷാജുവും പറഞ്ഞു. സിലി മരിക്കുന്നതിന് മുൻപും ജോളിക്ക് തന്നോട് താത്പര്യം ഉണ്ടായിരുന്നുവെന്നും ഇതിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ കേസ് കൊടുത്തിരുന്നെങ്കിൽ സിലിയും മകളും രക്ഷപ്പെടുമായിരുന്നുവെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ഷാജുവിന്‍റെ വാക്കുകള്‍...

സിലിയുടെ മരണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ജോളി തന്നെ വിളിച്ചു വരുത്തി വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത്. സിലിയുടെ സഹോദരനും മറ്റു ചില ബന്ധുക്കളും ഇങ്ങനെയൊരു വിവാഹം നടന്നു കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിച്ചാല്‍ ഷാജുവിന്‍റെ മകനും തന്‍റെ മകന്‍ റോമോയ്ക്കും രക്ഷിതാക്കളുടെ കരുതല്‍ കിട്ടുമെന്നും ജോളി പറഞ്ഞു. 

എന്നാല്‍ ഇപ്പോള്‍ ഒരു കല്ല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല എന്ന് ജോളിയോട് അപ്പോള്‍ തന്നെ പറഞ്ഞു. ആറ് മാസം കഴിഞ്ഞ് ഇതേക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അപ്പോള്‍ ജോളി പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷമെങ്കിലും കഴിയാതെ ഇതൊന്നും പറ്റില്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞുവെന്നും ഷാജു പറഞ്ഞു. 

കല്ല്യാണത്തിന് മുന്‍പേ തന്നെ ജോളി തന്നോട് അടുത്ത് ഇടപെടാന്‍ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞ ഷാജു, പ്രതിസന്ധി ഘട്ടത്തില്‍ തന്നേയും മകനേയും തകര്‍ക്കുന്ന നിലപാടാണ് ജോളിയുടെ മകന്‍ റോമോ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. തന്‍റെ സഹോദരന്‍റെ മരണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞു കേസ് കൊടുത്ത റോജോ അത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ തന്‍റെ ഭാര്യയും മകളും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷാജു പറഞ്ഞു. 

Also Read: ജോളിയെ തള്ളി ഷാജു: സിലിയുടെ മരണത്തിന് മുന്‍പേ ജോളി തന്നോട് താത്പര്യം കാണിച്ചു

ഷാജുവിനെതിരെ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്. ഷാജുവിനെ അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്‍റെ ആദ്യഭാര്യയായ സിലിയും രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന വിവരം ഷാജുവിനെ താന്‍ അറിയിച്ചിരുന്നുവെന്നാണ് ജോളിയുടെ മൊഴി. അവൾ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്‍റെ പ്രതികരണം. തനിക്ക് ദുഃഖമില്ലെന്നും ഇത് ആരും അറിയരുതെന്ന് ഷാജു പറഞ്ഞെന്നും ജോളി മൊഴി നല്‍കിയെന്നുമാണ് വിവരം. 

Also Read: ഭാര്യയേയും മകളേയും ജോളി കൊന്നതാണെന്ന് ഷാജുവിന് നേരത്തെ അറിയാമെന്ന് വെളിപ്പെടുത്തല്‍