ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ചുമതല ഉള്ളത് ഐജിക്ക് മാത്രമാണെന്നും ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ഹര്‍ജി 13ന് പരിഗണിക്കും. കുറ്റപത്രം മടക്കണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ വാദം തുടരും.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പഴ അഡീ. സെഷന്‍ കോടതിയെയാണ് പൊലീസ് സമീപിച്ചത്. ഹൈക്കോടതി പതിനൊന്നാം പ്രതിക്ക് മാത്രമാണ് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം മാത്രമാണ് പതിനൊന്നാം പ്രതിക്കെതിരെ ഉള്ളത്. എന്നാല്‍ സാങ്കേതികമായി നിലനില്‍ക്കാത്ത കാരണം ചൂണ്ടിക്കാട്ടി കീഴ്ക്കോടതി മറ്റ് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നുവെന്നും ഇത് റദ്ദാക്കണം എന്നുമാണ് പൊലീസിന്‍റെ ആവശ്യം. ഹര്‍ജി ഈ മാസം 13 ന് കോടതി പരിഗണിക്കും. കേസിലെ കുറ്റപത്രം മടക്കണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ വിചാരണ കോടതിയില്‍ വാദം തുടരും. ഇക്കാര്യത്തില്‍ പ്രോസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം നടന്നിരുന്നു.
കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അധികാരമില്ലെന്നും ഡിവൈഎസ്പിക്കുള്ളത് അന്വേഷണ ചുമതല മാത്രമെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഐജിക്ക് മാത്രമേ കഴിയൂ എന്നും പ്രതിഭാഗം വാദിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഡിവൈഎസ്പിയെന്നും അതിനാല്‍ അദ്ദേഹം കുറ്റപത്രം സമര്‍പ്പിച്ചതില്‍ തെററില്ലെന്നും പ്രോസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു.
