Asianet News MalayalamAsianet News Malayalam

പാറശാല ഷാരോൺ വധക്കേസ്: ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്‌മ ജയിൽ മോചിതയായി

കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്

Sharon murder case accused Greeshma out from jail on bail kgn
Author
First Published Sep 26, 2023, 7:49 PM IST

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. ഇന്നലെയാണ് ഹൈക്കോടതി കേസിൽ ഗ്രീഷ്‌മയ്ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്നാണ് മാവേലിക്കര ജയിലിലേക്ക് മാറ്റിയത്.

സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാൽ ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസിൽ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു.

നെയ്യൂരിലെ സ്വകാര്യ കോളോജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു. 

തന്റെ വീട്ടിലേക്ക് ഷാരോൺ വന്ന സെപ്റ്റംബർ 14നാണ് ഗ്രീഷ്മ വിഷം കഷായത്തിൽ കലക്കി നൽകിയത്. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായത്. കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചിരുന്നു. ഇരു പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios