അവസാനനിമിഷം വരെയും തന്റെ പ്രണയത്തെ അവിശ്വസിച്ചിരുന്നില്ല ഷാരോൺ. അതിനുള്ളതെല്ലാം മറുവശത്ത് ​ഗ്രീഷ്മ ചെയ്തിരുന്നു. അങ്ങേയറ്റം പ്രണയത്തിലാണ് എന്ന മട്ടിലായിരുന്നു ​ഗ്രീഷ്മ അഭിനയിച്ചത്.

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഒടുവിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ വിധി പറയവേ നിരവധി പരാമർശങ്ങൾ കോടതി നടത്തി. അതിൽ ഒന്ന്, ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നതായിരുന്നു. 

2022 ഒക്ടോബറിലാണ് കേരളത്തെയാകെ നടുക്കിയ ക്രൂരമായ ഈ ക്രൈം നടന്നത്. കാമുകനായ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി ചേർത്ത് നൽകുകയായിരുന്നു ​ഗ്രീഷ്മയെന്ന 22 -കാരി. എന്നാൽ, അവസാന നിമിഷം വരെ ഷാരോൺ ​ഗ്രീഷ്മയുടെ പേര് പറയാതിരിക്കാനാണ് ശ്രമിച്ചത്. പക്ഷേ, ​ഗ്രീഷ്മയ്ക്ക് പാളിപ്പോയി. ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർക്കും അവന്റെ സഹോദരനും സുഹൃത്തിനുമെല്ലാമുണ്ടായ സംശയങ്ങൾ കേസിലെ അന്വേഷണത്തിന് ശക്തി പകർന്നു. ​കേസിൽ പഴുതടച്ച അന്വേഷണം നടന്നു. ഒടുവിൽ കേസിൽ വിധിയും വന്നു.

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ; 'സമര്‍ത്ഥമായ കൊലപാതകം', അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി

വിധി പറയുന്ന നേരത്ത് കോടതി നടത്തിയ പ്രധാന പരാമർശങ്ങളിൽ ഒന്നാണ് 'സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്' എന്നത്. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും കോടതിയുടെ പരാമർശത്തിൽ പറയുന്നു. 

നേരത്തെ അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞതോ, 'ഷാരോൺ പ്രണയത്തിന് വേണ്ടി രക്തസാക്ഷിയായ ചെറുപ്പക്കാരനാണ്' എന്നും. എങ്ങനെയാണ് സ്നേഹത്തിൽ ഷാരോൺ വഞ്ചിക്കപ്പെട്ടത് എന്നതിനെ കുറിച്ച് പ്രോസിക്യൂഷനും എടുത്തുപറഞ്ഞു. 'ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്' എന്നായിരുന്നു പരാമർശം. 

നേരത്തെ തന്നെ പരാജയപ്പെട്ട കൊലപാതകശ്രമം. ഇത്തവണ പാളിപ്പോകരുതെന്ന് ​ഗ്രീഷ്മ ഉറപ്പിച്ച് കാണണം. അതിനാൽ തന്നെ ക്രൈം ചെയ്യുന്നതിൽ മാത്രമല്ല, അതിനുശേഷം തനിക്കുനേരെ വിരൽ ചൂണ്ടപ്പെടാതിരിക്കാനും ​ഗ്രീഷ്മ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിരുന്നു. അതിൽ പ്രധാനം ​ഷാരോണിന് തന്നോടുള്ള സ്നേഹവും വിശ്വാസവും അവിടെപ്പോലും അവൾ ഉപയോ​ഗിച്ചു എന്നതാണ്. ഒരുപക്ഷേ ഒരു കുറ്റവാളിക്ക് മാത്രം കഴിയുന്ന കാര്യങ്ങൾ. 

അവസാനനിമിഷം വരെയും തന്റെ പ്രണയത്തെ അവിശ്വസിച്ചിരുന്നില്ല ഷാരോൺ. അതിനുള്ളതെല്ലാം മറുവശത്ത് ​ഗ്രീഷ്മ ചെയ്തിരുന്നു. അങ്ങേയറ്റം പ്രണയത്തിലാണ് എന്ന മട്ടിലായിരുന്നു ​ഗ്രീഷ്മ അഭിനയിച്ചത്. ഷാരോൺ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ​ഗ്രീഷ്മയും ഷാരോണും തമ്മിൽ നടന്ന വാട്ട്സാപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു. 

ഷാരോൺ ​ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുമ്പോൾ അയച്ച സന്ദേശത്തിൽ, 'വാവേ' എന്നാണ് ​ഗ്രീഷ്മയെ വിളിക്കുന്നത്. ​ഗ്രീഷ്മ സ്ഥിരമായി ഷാരോണിനെ വിളിക്കുന്നത് പോലെ 'ഇച്ചായാ' എന്നും. ആ ചാറ്റിലുടനീളം എങ്ങനെയാണ് ​ഗ്രീഷ്മയെ ഷാരോൺ വിശ്വസിച്ചിരുന്നത് എന്ന് കാണാം. ​'ഇപ്പോൾ എങ്ങനെയുണ്ട്' എന്നും 'അത് കഷായത്തിന്റേതാവും' എന്നുമെല്ലാം പ്രതി ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ട്. 

ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ സ്വഭാവം, ഷാരോണിന്‍റെ സ്നേഹത്തെ കൊന്നുവെന്ന് പ്രോസിക്യൂഷൻ; ശിക്ഷാ വിധി തിങ്കളാഴ്ച

ഷാരോണാകട്ടെ മരണക്കിടക്കയിൽ പോലും അവളുടെ പേര് പറഞ്ഞില്ല. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്ന് പ്രോസിക്യൂഷൻ വാദത്തിൽ പറയുന്നുണ്ട്. 

അച്ഛനുമമ്മയും ജീവിച്ചിരിക്കെ മക്കൾ മരിച്ചുപോവുക എന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ വേദനകളിൽ ഒന്നാണ്. ഷാരോണിന്റെ അച്ഛൻ പറഞ്ഞത്, 'ഗ്രീഷ്‌മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്' എന്നാണ്. അവിടെ തന്നെയാണ് കോടതിയുടെ പരാമർശം പ്രധാനമാവുന്നത്, 'സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്.' 

അവസാന ശ്വാസം വരെ ഗ്രീഷ്മയെ വിശ്വസിച്ച ഷാരോൺ; കേരളം ഉറ്റുനോക്കുന്നു, ക്രൂര കൊലപാതകത്തിൽ ശിക്ഷാ വിധി ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം