പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ കൊലക്കേസിൽ പ്രധാന പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതെന്ന് ​ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക.

അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്‍റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്. കൃത്യം നടന്ന സ്ഥലമായത് കൊണ്ട് തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി.

പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. അതേസമയം പാറശാല ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

കുറ്റകൃത്യത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്നാട്ടിൽ നടന്നിട്ടുള്ളതിനാൽ കേസ് തമിഴ്നാട്ടിലേക്ക് കൈമാറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ കേരളത്തിൽ അന്വേഷണം നടത്തുന്നതിലും തടസമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്‍ഞരുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തക്കുവേണ്ടി വീണ്ടും ഉപദേശം തേടുന്നത്. 

Read More : ഗ്രീഷ്മയുടെ വീട്ടില്‍ പൂട്ട് തകര്‍ത്ത് കയറിയ അജ്ഞാതനാര്? ദുരൂഹത

ജ്യൂസ് ചലഞ്ചും ആസൂത്രിതം, ഷാരോണിനെ പലതവണ കൊല്ലാൻ ശ്രമിച്ചെന്ന് ​ഗ്രീഷ്മ | Sharon raj Murder