തിരുവനന്തപുരം: പദ്‍മനാഭസ്വാമി ക്ഷേത്രഭരണത്തെ സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി ചരിത്രകാരന്‍ ഡോ ശശിഭൂഷണ്‍. അതിസങ്കീര്‍ണ്ണമായ സമസ്യയ്ക്കള്ള ഭാഗികമായ തീരുമാനമാണ് സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായതെന്ന് ചരിത്രകാരന്‍ ഡോ ശശിഭൂഷണ്‍ പറഞ്ഞു. ഇനിയും പല പ്രശ്‍നങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള ഭരണസമിതി താല്‍ക്കാലികമാണെന്നും മറ്റൊരു സമിതി വേണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഭരണസമിതിയെ ആരാണ് നിയമിക്കുക എന്നതില്‍ വ്യക്തതയില്ലെന്നും ഡോ ശശിഭൂഷണ്‍ പറഞ്ഞു. 

പദ്‍മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്‍റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. 

2014-ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയുമായി താരത്മ്യം ചെയ്യുമ്പോൾ രാജകുടുംബത്തിന് അനുകൂലമായ രീതിയിൽ കേസ് മാറി മറിഞ്ഞതായാണ് വിധിയിൽ നിന്നും വ്യക്തമാവുന്നത്. ക്ഷേത്രത്തിൻ്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.