തിരുവനന്തപുരം: ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിയെ ട്രോളി സോഷ്യല്‍ മീഡിയ. പൗരത്വ ഭേദഗതി നിയമത്തെയും എന്‍ആര്‍സിയെയും എതിര്‍ത്ത് കോഴിക്കോട് ഡിസിസി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ അറിയിപ്പ് പോസ്റ്ററിലാണ് ഇന്ത്യയുടെ തെറ്റായ ഭൂപടം ഉള്‍പ്പെടുത്തിയത്. ഈ പോസ്റ്റര്‍ തരൂര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തരൂര്‍ പോസ്റ്റ് പിന്‍വലിച്ചു. 

പാക് അധീന കശ്മീര്‍ ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തരൂര്‍ പോസ്റ്റ് പിന്‍വലിച്ചു. രാജ്യത്തിന്‍റെ മേഖലകളെയല്ല പകരം ജനങ്ങളെയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് തരൂര്‍ വിശദീകരണം നല്‍കി. പിന്നാലെ പ്രതിഷേധ മാര്‍ച്ചിന്‍റെ പുതിയ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. അതേസമയം സംഭവത്തില്‍ ശശി തരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ആവശ്യപ്പെട്ടു. 

ശശി തരൂര്‍ പാകിസ്ഥാനോടുള്ള സ്നേഹം പ്രകടിപ്പിച്ചെന്നും ദേശീയ വികാരത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് ട്വിറ്ററില്‍ തരൂരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.