മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്‍റെ ലേഖനം. മോദി സർക്കാരിൻ്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു.

ദില്ലി: ഒരിടവേളക്ക് ശേഷം വീണ്ടും കേന്ദ്രസര്‍ക്കാര്‍ സ്തുതിയുമായി ശശി തരൂര്‍ എംപി. കേന്ദ്ര സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച തരൂര്‍ മോദി സര്‍ക്കാരിന്‍റേത് വികസനവും, സുരക്ഷയും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് പ്രശംസിച്ചു. യുപിഎ സര്‍ക്കാരിന്‍റെ ആശയമാണ് മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നതെന്ന് കുറിച്ച് പാളയത്തിലെ പട ഒഴിവാക്കാനുള്ള നയതന്ത്രവും തരൂര്‍ കാട്ടി.

ലക്ഷ്യ ക്യാമ്പില്‍ വെച്ച് എല്ലാം ഒത്തുതീര്‍പ്പാക്കി പിരിഞ്ഞതാണെങ്കിലും തരൂര്‍ വീണ്ടും തനി നിറം പുറത്തെടുത്തു. ഓപ്പറേഷന്‍ സിന്ദൂര്‍, ട്രംപ് മോദി സൗഹൃദം തുടങ്ങിയ വിഷയങ്ങളിലെ പ്രശംസയ്ക്ക് പിന്നാലെയാണ് മാവോയിസ്റ്റ് വേട്ടയില്‍ കേന്ദ്ര സര്‍ക്കാരിനെ വല്ലാതെ പുകഴ്ത്തുന്നത്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വെല്ലുവിളിയെ നേരിടാന്‍ കെല്‍പുണ്ടെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 126 ജില്ലകളിലായി വ്യാപിച്ച് കിടന്നിരുന്ന റെഡ് കോറിഡോര്‍ ഈ സര്‍ക്കാരിന്‍റെ കാലത്തോടെ 11 ജില്ലകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. മാവോയിസ്റ്റ് കലാപത്തിന്‍റെ കാരണങ്ങളും, പ്രത്യാഘാതവും തിരിച്ചറിഞ്ഞുള്ള സൂക്ഷ്മവും സമഗ്രവുമായ തന്ത്രമാണ് ഇന്ത്യ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. സൈന്യത്തിന്‍റെയും പൊലീസിന്‍റെയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തി. മാവോയിസ്റ്റുകള്‍ക്ക് ഫണ്ട് നല്‍കുന്ന കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ലക്ഷ്യമിട്ടു. സര്‍ക്കാരിന്‍റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്‍റെ സാന്ത്വന സ്പര്‍ശം കൂടിയായതോടെ നീക്കം ഫലം കണ്ടു. കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പുനരധിവാസം, മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് വികസനമെത്തിയത് മികച്ച നടപടികളായി തരൂര്‍ വിലയിരുത്തുന്നു.

യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട നടപടികള്‍ മോദി സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയിരിക്കുന്നുവെന്നും ദൗത്യം തുടരട്ടെയെന്നുമാണ് ലേഖനത്തില്‍ തരൂര്‍ പറഞ്ഞ് വയ്ക്കുന്നത്. മാവോയിസ്റ്റ് വേട്ടയെ അപലപിക്കുന്നതാണ് കേന്ദ്ര സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ലൈനെന്നിരിക്കേയാണ് തരൂര്‍ മോദി സര്‍ക്കാരിന്‍റെ നടപടികള്‍ക്ക് തരൂര്‍ ഫുള്‍ മാര്‍ക്ക് നല്‍കുന്നത്. രാജ്യമാണ് വലുതെന്നും, ലേഖനം മനസിലാക്കാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നുമുള്ള പതിവ് പ്രതിരോധം തരൂര്‍ ഉയര്‍ത്താനാണ് സാധ്യത. 

YouTube video player