തിരുവനന്തപുരം: അക്രമരാഷ്ട്രീയം ആര് നടത്തിയാലും തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കണ്ണൂരിലേതു പോലെ തിരുവനന്തപുരത്തും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശശി തരൂർ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ ബിരുദ വിദ്യാർഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം.

യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുളളതാണ്. കോളേജ് നിൽക്കുന്നിടത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് യൂണിവേഴ്സിറ്റി കോളേജിന്റെ കെട്ടിടം പുതിയ ഹൈക്കോടതി ബെഞ്ചിന് നൽകണമെന്ന് ആവശ്യപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു. 

അതേസമയം, കേസിൽ എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാസിനെ പൊലീസ് പിടികൂടി. മുഖ്യപ്രതികളായ  എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർ ഒളിവിലാണ്. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് നിലവിൽ പൊലീസിന്റെ നീക്കം.