തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന വിവാദത്തിൽ കെപിസിസി പ്രസിഡന്‍റിനെ വിമർശിച്ച് ശശി തരൂരിൻറെ മറുപടി. നരേന്ദ്ര മോദിയുടെ വലിയ വിമർശകനായ താൻ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നോട്ടീസിലെ  പരാമർശം ആശ്ചര്യപ്പെടുത്തിയെന്നാണ് തരൂരിന്‍റെ മറുപടി. മോദി ചെയ്ത നല്ലകാര്യങ്ങൾ നല്ലതെന്ന് പറയണമെന്ന്  തരൂർ ആവർത്തിച്ചു. വിശദീകരണം ആവശ്യപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ നോട്ടീസ് ചോർന്നതിൽ തരൂരിന് കടുത്ത അതൃപ്തിയുണ്ട്.

വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിൽ കെപിസിസി അധ്യക്ഷനെ കുത്തിയാണ് ശശി തരൂർ നിലപാട് വ്യക്തമാക്കുന്നത്. താൻ മോദിയെ സ്തുതിച്ചിട്ടില്ല, ലോക്സഭയിലെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലൂടെയും മോദിയെ തന്നെ പോലെ വിമർശിച്ച ഒരു നേതാവും കേരളത്തിലില്ല. തന്‍റെ ഏതെങ്കിലും ഒരു പരമാർശം മോദി സ്തുതിയെന്ന് കാണിച്ച് തന്നാൽ നന്നാകുമെന്നാണ് മുല്ലപ്പള്ളിക്കുള്ള മറുപടി. 

മോദി നല്ലത് ചെയ്യുമ്പോൾ നല്ലതെന്ന് പറയണം. എന്നാലേ തെറ്റ് ചെയ്യുമ്പോഴുള്ള വിമർശനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത വരൂ. നമ്മൾ മോദി ഒന്നും ചെയ്തില്ലെന്ന് പറയുമ്പോഴും ജനം മോദിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് വോട്ട് ശതമാനം കുറഞ്ഞു. എന്നിട്ട് ജനങ്ങളെ വിഡ്ഢികളെന്ന് വിളിച്ചിട്ട് കാര്യമില്ല. ദേശീയ നേതാക്കളായ ജയറാം രമേശിന്‍റെയും അഭിഷേക് മനു സിംഗ്‍വിയുടെയും നിലപാടിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. 

പാർട്ടി ഫോറങ്ങളിൽ അംഗമല്ലാത്തത് കൊണ്ടാണ് പരസ്യപ്രതികരണം. ദേശീയ രാഷ്ട്രീയസാഹചര്യങ്ങൾ മനസ്സിലാക്കി തന്ത്രം മാറ്റണമെന്നാണ് വിമർശകർക്കുള്ള തരൂരിന്‍റെ ഉപദേശം. വിശദീകരണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി നൽകിയ കത്ത് ചോർന്നതിൽ അതൃപ്തനായ തരൂർ തൻറെ മറുപടി ചോർത്തണമെന്നും ട്വിറ്ററിലൂടെ പരിഹസിച്ചു.