Asianet News MalayalamAsianet News Malayalam

ശശി തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു.

Shashi Tharoor speech over Israel Palestine conflict  Congress worried will be backfire in Thiruvananthapuram nbu
Author
First Published Oct 28, 2023, 7:49 AM IST

തിരുവനന്തപുരം: ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസംഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ കോൺഗ്രസ്. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതിൽ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകൽച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.

വിശ്വപൗരന്‍റെ തലസ്ഥാനത്തെ തുടർവിജയങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അടിയുറച്ച ന്യൂനപക്ഷ വോട്ടിന്‍റെ പിൻബലമാണ്. ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ മോദിവിരുദ്ധ ദേശീയ പ്രതിച്ഛായയാണ് മതന്യൂനപക്ഷങ്ങളെ എന്നും തരൂരിനോട് അടുപ്പിച്ചത്. എന്നാലിത്തവണ ആ കോർ വോട്ടിലാണ് തുടരെ വിള്ളൽ വീഴുന്നത്. അടുത്തിടെ സംസ്ഥാനത്തെ ഒന്നാം നിര കോൺഗ്രസ് നേതാക്കളെക്കാൾ ലീഗിലെ ഒരു വിഭാഗവും മുസ്ലീം സമുദായവും കൂടുതൽ താല്പര്യം കാണിച്ചതും തരൂരിനോടാണ്. എന്നാൽ ലീഗ് മുഴുവൻ ശക്തിയും കാണിച്ച് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലെ ഹമാസ് വിരുദ്ധ പ്രസംഗമാണ് തരൂരിനും കോൺഗ്രസ്സിനും വലിയ വിനയായത്.

ഉടനടിയുള്ള പ്രതികരണമെന്ന നിലക്കാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലെ 32 മഹല്ലുകൾ ചേർന്നുള്ള കോർഡിനേഷൻ കമ്മിറ്റി തരൂരിനെ തലസ്ഥാനത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും മാറ്റിയത്. തിങ്കളാഴ്ച പാളയത്ത് നടക്കുന്ന പരിപാടിയിലെ അതിഥിസ്ഥാനത്തുനിന്നും മാറ്റുന്നതായി ശശി തരൂരിനെ ഔദ്യോഗികമായി കമ്മിറ്റി അറിയിച്ചു. പരിപാടിയിൽ നിന്നൊഴിവാക്കിയതിനപ്പുറം തരൂരിനെതിരെ കൂടുതൽ കടുപ്പിക്കാനാണ് മഹല്ല് കമ്മിറ്റികളുടെ നീക്കം. അതാണ് തരൂരിനെയും കോൺഗ്രസിനെയും വെട്ടിലാക്കുന്നത്.

തരൂർ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. തരൂരിനെ പരസ്യമായി തള്ളുന്നില്ലെങ്കിലും കോൺഗ്രസ് നേതാക്കൾക്ക് വിവാദത്തിൽ ഉള്ളിൽ സന്തോഷമാണ്. നേതൃത്വത്തെ വെല്ലുവിളിച്ച് മലബാറിലടക്കം പര്യടനം നടത്തിയ തരൂരിനെ പിന്തുണച്ചവരെല്ലാം വെട്ടിലായില്ലേ എന്നാണ് പല കോൺഗ്രസ് നേതാക്കളും ഇപ്പോൾ ചോദിക്കുന്നത്. എന്നും വൻപിന്തുണ നൽകിയിരുന്ന ലത്തീൻ സഭ വിഴിഞ്ഞം സമരത്തിൽ തരൂരുമായി ഉടക്കി നിൽക്കെയാണ് ഹമാസ് വിവാദത്തിൽ മഹല്ല് കമ്മിറ്റികളുടെ എതിർപ്പ് എന്നതും ഇരട്ട തിരിച്ചടി.

Follow Us:
Download App:
  • android
  • ios